സൗദി അറേബ്യയില്‍ സെക്യൂരിറ്റി ഗാർഡുകള്‍ക്ക് ഇടവേളയില്ലാതെ അഞ്ച് മണിക്കൂറിലധികം ജോലി പാടില്ല

Published : Oct 21, 2022, 02:45 PM IST
സൗദി അറേബ്യയില്‍ സെക്യൂരിറ്റി ഗാർഡുകള്‍ക്ക് ഇടവേളയില്ലാതെ അഞ്ച് മണിക്കൂറിലധികം ജോലി പാടില്ല

Synopsis

വിശ്രമവും പ്രാർഥനയും ഭക്ഷണവും ഇല്ലാതെ തുടർച്ചയായി അഞ്ച് മണിക്കൂർ ജോലി ചെയ്യിക്കരുത് എന്നാണ് പ്രധാന നിബന്ധന. ഈ സമയത്തിനിടയിൽ അരമണിക്കൂറിൽ കുറയാത്ത ഇടവേള അനുവദിക്കണം. സെക്യൂരിറ്റി ഗാർഡുകൾക്ക് സ്ഥാപനം യൂണിഫോം നൽകിയിരിക്കണം. 

റിയാദ്: സൗദി അറേബ്യയില്‍ സെക്യൂരിറ്റി ഗാർഡുകളെ തുടർച്ചയായി അഞ്ച് മണിക്കൂർ ജോലി ചെയ്യിപ്പിക്കരുതെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. ഇതടക്കം ഈ തൊഴിൽ മേഖലയിൽ പാലിക്കേണ്ട നിബന്ധനകൾ നിശ്ചയിച്ച് മന്ത്രി അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി ഉത്തരവിട്ടു. സെക്യൂരിറ്റി ഗാർഡ് സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ അവരുടെ കമ്പനികളും പാലിക്കേണ്ട നിബന്ധനകളാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. 

പ്രത്യക്ഷമായോ പരോക്ഷമായോ സുരക്ഷാ ഗാർഡുകളെ ജോലിക്ക് നിയമിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും പുതിയ നിര്‍ദേശങ്ങള്‍ ബാധകമാണ്. ഈ ഉത്തരവ് പ്രകാരം സെക്യൂരിറ്റി ഗാർഡ് ജോലികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ബാങ്കുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയ്ക്കുള്ളിലുള്ള സുരക്ഷാ ജോലിയാണ് ഒന്ന്. രണ്ടാമത്തേത് കെട്ടിടങ്ങൾക്ക് പുറത്തുള്ള സുരക്ഷാപാലനം. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെയും ഗ്രാമങ്ങളുടെയും കാവൽ ജോലിയാണ് മൂന്നാമത്തേത്.

വിശ്രമവും പ്രാർഥനയും ഭക്ഷണവും ഇല്ലാതെ തുടർച്ചയായി അഞ്ച് മണിക്കൂർ ജോലി ചെയ്യിക്കരുത് എന്നാണ് പ്രധാന നിബന്ധന. ഈ സമയത്തിനിടയിൽ അരമണിക്കൂറിൽ കുറയാത്ത ഇടവേള അനുവദിക്കണം. സെക്യൂരിറ്റി ഗാർഡുകൾക്ക് സ്ഥാപനം യൂണിഫോം നൽകിയിരിക്കണം. സൂര്യപ്രകാശം, ചൂട് എന്നിവയുമായി സമ്പർക്കം പുലർത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ തടയുന്നതിന് തൊഴിൽ സുരക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടിയുള്ള നടപടിക്രമ മാനുവലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സ്ഥാപനങ്ങൾ പാലിക്കണം.

സ്ഥാപനത്തിന്റെ ഉടമ നൽകേണ്ട ഒരുകൂട്ടം ഫിസിക്കൽ ഉപകരണങ്ങളും നിബന്ധനകളിൽ വ്യവസ്ഥ ചെയ്യുന്നു. സെക്യൂരിറ്റി ഗാർഡ് മേഖലയിലെ ജോലിയുടെ ഗുണനിലവാരം ഉയർത്തുന്നതിനും അതിലെ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത ഉയർത്തുന്നതിനും സഹായിക്കുന്നതാണ് പുതിയ തീരുമാനങ്ങൾ. സെക്യൂരിറ്റി ജോലികളിലേക്ക് ആളുകളെ ആകർഷിക്കുന്നതിനും തെഴിലാളികളുടെ സ്ഥിരത വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും.

തീരുമാനം ബാധകമാകുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് അതിലെ നിബന്ധനകള്‍ പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ തീരുമാനം പ്രസിദ്ധീകരിച്ച തീയതി മുതൽ ആറുമാസത്തിനുള്ളിൽ തീരുമാനം നടപ്പാക്കണം. 

Read also: ജോലിയ്ക്കിടെയുണ്ടായ അപകടത്തില്‍ കൈ നഷ്ടമായ പ്രവാസിക്ക് 24 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ