ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് മൂന്ന് കോടിയുടെ ഉപകരണം മോഷ്‍ടിച്ച് വിറ്റ ശേഷം യുഎഇയില്‍ നിന്ന് മുങ്ങി

By Web TeamFirst Published Oct 18, 2021, 10:16 AM IST
Highlights

ജബല്‍ അലി ഏരിയയിലെ ഒരു സ്ഥാപനത്തിലാണ് ഇവര്‍ ജോലി ചെയ്‍തിരുന്നത്. മോഷണം നടത്തിയ ശേഷം രാജ്യം വിടുകയും ചെയ്‍തു. 

ദുബൈ: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഉപകരണം മോഷ്‍ടിച്ച് വിറ്റ സെക്യൂരിറ്റി ഗാര്‍ഡുമാര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷ. മോഷണത്തിന് ശേഷം രാജ്യം വിട്ട ഇരുവര്‍ക്കും ഇവരുടെ അസാന്നിദ്ധ്യത്തിലാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. 15.6 ലക്ഷം ദിര്‍ഹം (മൂന്ന് കോടിയിലധികം രൂപ) വില വരുന്ന കെട്ടിട നിര്‍മാണ ഉപകരണമാണ് ഇവര്‍ മോഷ്‍ടിച്ച് വിറ്റത്.

ജബല്‍ അലി ഏരിയയിലെ ഒരു സ്ഥാപനത്തിലാണ് ഇവര്‍ ജോലി ചെയ്‍തിരുന്നത്. മോഷണം നടത്തിയ ശേഷം രാജ്യം വിടുകയും ചെയ്‍തു. സെക്യൂരിറ്റി ഗാര്‍ഡുമാരായി ജോലി ചെയ്‍തിരുന്ന പ്രതികളെ അവരുടെ സ്ഥലങ്ങളില്‍ കാണാനില്ലെന്നും ഫോണുകള്‍ സ്വിച്ച് ഓഫാണെന്നും സ്ഥാപനത്തിലെ മറ്റ് ജീവനക്കാരാണ് തങ്ങളെ അറിയിച്ചതെന്ന് കേസിലെ സാക്ഷി കോടതിയില്‍ മൊഴി നല്‍കി. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഉപകരണം കാണാതായെന്ന് മനസിലായത്. പത്ത് ദിവസം മുമ്പെങ്കിലും മോഷണം നടന്നതായാണ് മനസിലായതെന്നും ഉപകരണം മറ്റൊരാള്‍ക്ക് വിറ്റുവെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാര്‍ഡുമാരിലൊരാള്‍ പ്രതികളിലൊരാളെ വാട്സ്ആപില്‍ ബന്ധപ്പെട്ടപ്പോള്‍ അയാള്‍ കുറ്റം സമ്മതിച്ചു. ഉപകരണം മോഷ്‍ടിച്ച് തങ്ങള്‍ പണം കൈക്കലാക്കിയെന്ന് ഇയാള്‍ സമ്മതിച്ചു. എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരാളെക്കുറിച്ചുള്ള വിവരവും ഇയാള്‍ നല്‍കി. ഇയാളെ പിന്നീട് ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തു. ഇയാളുടെ സഹായത്തോടെയായിരുന്നു പ്രതികള്‍ ഉപകരണം കടത്തിയത്. 

click me!