ബോര്‍ഡിങ് പാസിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Jun 24, 2022, 10:13 PM IST
Highlights

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിമാന യാത്രക്കാരുടെ തിരക്കേറുന്ന വേനല്‍ കാല സീസണ്‍ തുടങ്ങാനിരിക്കെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്.

ദുബൈ: വിമാനത്തില്‍ യാത്ര ചെയ്യുന്നതിനുള്ള ബോര്‍ഡിങ് പാസിന്റെ ഫോട്ടോയും യാത്രാ വിവരങ്ങളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഇത്തരം വിവരങ്ങള്‍ തട്ടിപ്പുകാരും മോഷ്ടാക്കളുമൊക്കെ ഉപയോഗിക്കുമെന്ന് ഒരു യുഎഇ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുബൈ പൊലീസ് സൈബര്‍ ക്രൈം കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജരി പറഞ്ഞു.

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിമാന യാത്രക്കാരുടെ തിരക്കേറുന്ന വേനല്‍ കാല സീസണ്‍ തുടങ്ങാനിരിക്കെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. യാത്രാ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ യുഎഇയിലെ ഒരു പ്രമുഖ വ്യക്തി കൊള്ളയടിക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡിങ് പാസുകളില്‍ ബാര്‍കോഡുകളും മറ്റ് വിവരങ്ങളുമുണ്ടാകും. ഇവ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കാനോ അല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെട്ടേക്കുമെന്ന് പൊലീസ് പറയുന്നു.

'വിമാനത്തിലെ ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലുമൊക്കെ യാത്ര ചെയ്യുന്നെന്ന് കാണിക്കാനാണ് പലരും ഇത്തരം രേഖകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ക്രിമിനലുകള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറാനുള്ള ഒരു വഴിയാണ് അതിലൂടെ ഒരുക്കിക്കൊടുക്കുന്നതെന്നും' കേണല്‍ അല്‍ ഹജരി പറഞ്ഞു.

'സോഷ്യല്‍ മീഡിയകളിലെ വീഡിയോകളിലൂടെ യാത്രാ പദ്ധതികള്‍ പൂര്‍ണമായി വിവരിക്കുന്നവരുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫോളോവര്‍മാരെ ലഭിക്കാനാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും ക്രിമിനലുകള്‍ക്ക് അവരുടെ യാത്രാ വിവരങ്ങള്‍ കൃത്യമായി മനസിലാക്കിയ ശേഷം ആളില്ലാത്ത സമയം കണക്കാക്കി അവരുടെ വീടുകളില്‍ മോഷണം നടത്താനാവും.

വ്യക്തിഗത വിവരങ്ങള്‍ ലഭ്യമാക്കാനായി ക്രിമനല്‍ സംഘങ്ങള്‍ ഏതറ്റം വരെയും പോകുമെന്ന യാഥാര്‍ത്ഥ്യത്തെ പലരും വില കുറച്ചുകാണുകയാണ്. യാത്രക്കാര്‍ അവരുടെ വ്യക്തി വിവരങ്ങളോ ബോര്‍ഡിങ് പാസിന്റെ ചിത്രമോ യാത്രാ പദ്ധതികളോ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Read also:  കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് ഗോ ഫസ്റ്റ് സര്‍വീസുകള്‍ ചൊവ്വാഴ്ച തുടങ്ങും

click me!