സൗദി അറേബ്യയില്‍ മഴവെള്ളപ്പാച്ചിലിൽ അകപ്പെട്ട ഏഴുപേരെ രക്ഷപ്പെടുത്തി

By Web TeamFirst Published Dec 1, 2022, 8:19 PM IST
Highlights

കഴിഞ്ഞ ദിവസം മദീനയിൽ ഹറം പരിസരം ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ സമാന്യം നല്ല മഴയാണ് ലഭിച്ചത്. പ്രദേശത്തെ ചില ഗ്രാമങ്ങളിൽ മഴയെ തുടർന്ന് ശക്തമായ ഒഴുക്കുണ്ടായി. താഴ്‍ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 

റിയാദ്: മദീനയിലെ സുവൈർഖിയയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട ഏഴ് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ട്വിറ്ററിലൂടെയാണ്  ഇക്കാര്യം അറിയിച്ചത്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കഴിഞ്ഞ ദിവസം മദീനയിൽ ഹറം പരിസരം ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ സമാന്യം നല്ല മഴയാണ് ലഭിച്ചത്. 

പ്രദേശത്തെ ചില ഗ്രാമങ്ങളിൽ മഴയെ തുടർന്ന് ശക്തമായ ഒഴുക്കുണ്ടായി. താഴ്‍ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചില റോഡുകൾ മുൻകരുതലെന്ന നിലയില്‍ അടച്ചിടുകയും ചെയ്‍തു. കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മേഖലയിലെ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതലെടുത്തിരുന്നു. മസ്ജിദുന്നബവി കാര്യാലയം വെള്ളം വലിച്ചെടുക്കാനുള്ള ഉപകരണങ്ങൾ ഒരുക്കുകയും ശുചീകരണത്തിനായി കൂടുതൽ ആളുകളെ നിയോഗിക്കുകയും ചെയ്തു. വെള്ളത്തിൽ മുങ്ങിയ മുറ്റങ്ങളിലെ പരവതാനികൾ എടുത്തുമാറ്റി.

Read also:  സൗദി അറേബ്യയിൽ വാഹനങ്ങളുടെ വാർഷിക സാങ്കേതിക പരിശോധനാ ഫീസ് പരിഷ്‍കരിച്ചു

സൗദി അറേബ്യയിലെ വടക്കൻ മേഖലയായ തബൂക്കിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയും. വീശിയടിച്ച കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി. ദിബാ, അല്‍വജ്, ഉംലജ്, യാമ്പു എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു. വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപതിച്ചതിനെ തുടര്‍ന്ന് തബൂക്കില്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങിയതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. 

കമ്പനിയുടെ സാങ്കേതിക സംഘങ്ങള്‍ ഇടപെട്ട് വൈകാതെ ഭൂരിഭാഗം വരിക്കാര്‍ക്കും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായും സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു. വാദി അല്‍ഖുശൈബ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് അല്‍ഉല - മദീന റോഡ് സുരക്ഷാ വകുപ്പുകള്‍ താത്കാലികമായി അടച്ചിരിക്കുകയാണ്. അല്‍ഉല-മദീന റോഡില്‍ 237 കിലോമീറ്റര്‍ അടയാളത്തിനു സമീപമാണ് ഇരു ദിശകളിലും റോഡ് താത്കാലികമായി അടച്ചത്. ഈ റോഡിന് പകരം അല്‍ഉല-ഖൈബര്‍ റോഡ് ഉപയോഗിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു.

Read also: സൗദിയിൽനിന്ന് പ്രവാസികൾ പണമയക്കുന്നത് കുറഞ്ഞു

click me!