വ്യാപക റെയ്‍ഡുകള്‍ തുടരുന്നു; സ്‍ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Jan 9, 2023, 7:05 PM IST
Highlights

തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനും രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ എംപ്ലോയ്‍മെന്റ് പ്രൊട്ടക്ഷന്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് മുറാദ് പറഞ്ഞു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ മന്ത്രാലയങ്ങളും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും മുനിസിപ്പാലിറ്റിയും ചേര്‍ന്നു നടത്തുന്ന റെയ്‍ഡുകള്‍ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സാല്‍മിയയില്‍ നടത്തിയ പരിശോധനകളില്‍ നിരവധി പ്രവാസികള്‍ അറസ്റ്റിലായി. ഹോട്ടലുകളിലും ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകളിലും മറ്റ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധനയെന്ന് അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ഇത്തരം സ്ഥാപനങ്ങളില്‍ അവര്‍ക്ക് ലൈസന്‍സില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി റെയ്‍ഡുകളില്‍ കണ്ടെത്തി.

തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനും രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ എംപ്ലോയ്‍മെന്റ് പ്രൊട്ടക്ഷന്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് മുറാദ് പറഞ്ഞു. സ്‍പോണ്‍സര്‍മാരുടെ കീഴിലല്ലാതെ മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ലൈസന്‍സില്ലാത്ത ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരും സ്‍പോണ്‍സര്‍മാരുടെ കീഴിലല്ലാതെ മറ്റ് ജോലികള്‍ ചെയ്‍തിരുന്നവരുമായ നിരവധി സ്‍ത്രീകളെയും പുരുഷന്മാരെയും റെയ്ഡുകളില്‍ അറസ്റ്റ് ചെയ്‍തതായും ഡോ. ഫഹദ് മുറാദ് കൂട്ടിച്ചേര്‍ത്തു. 

പിടിയിലാവുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഇങ്ങനെ പിടിയിലാവുന്നവര്‍ യഥാര്‍ത്ഥത്തില്‍ രജിസ്റ്റര്‍ ചെയ്‍തിരുന്ന ബിസിനസ് ഉടമകളുടെയും കമ്പനികളുടെയും ഫയലുകള്‍ തടഞ്ഞുവെയ്‍ക്കും. നിയമലംഘനങ്ങള്‍ക്ക് പിടിയിലാവുന്ന പ്രവാസികളെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും ചെയ്യും. തൊഴില്‍ വിപണിയുടെ ക്രമീരണത്തിനും താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്കും മാന്‍പവര്‍ പബ്ലിക് അതോറിറ്റി എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് അറിയിച്ച അദ്ദേഹം നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി വ്യക്തികളും സ്ഥാപനങ്ങളും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Read also: സന്ദര്‍ശക വിസയില്‍ ഭര്‍ത്താവിന്റെ അടുത്തെത്തിയ മലയാളി യുവതി മരിച്ചു

click me!