ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നതിന് മുമ്പേ ഷാജി രമേശ് യാത്രയായി

By Web TeamFirst Published Jul 21, 2022, 10:54 PM IST
Highlights

ആറ് വര്‍ഷത്തോളം സെയില്‍സ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് സ്വന്തമായൊരു സ്ഥാപനം തുടങ്ങി. ഇതിനിടെ പലരും വഞ്ചിച്ചതിനെ തുടര്‍ന്ന് ചില സാമ്പത്തിക ബാധ്യതകളുണ്ടായി. ഇത് തീര്‍ക്കാനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വായ്‍പയെടുത്തതോടെയാണ് തിരിച്ചടികളുടെ തുടക്കം.

ദുബൈ: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ദുബൈയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ഷാജി രമേശ് (55) നിര്യാതനായി. നാട്ടിലേക്ക് കൊണ്ടുപോയി ചികിത്സ ലഭ്യമാക്കാനുള്ള സുഹൃത്തുക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലുകള്‍ ഫലം കാണാന്‍ കാത്തിരിക്കാതെയാണ് ഷാജി യാത്രയായത്. മൃതദേഹം യുഎഇയില്‍ തന്നെ സംസ്‍കരിക്കും.

2000ല്‍ യുഎഇയില്‍ എത്തിയ ഷാജി രമേശ്, പൂനെയില്‍ സ്ഥിരതാമസമാക്കിയ വിമുക്ത ഭടന്‍ ദാമോദരന്റെയും സരസമ്മയുടെയും മകനാണ്. സഹോദരങ്ങള്‍ - ജസ്റ്റിന്‍ രമേശ്, ഷൈലജ രമേശ്. അവിവാഹിതനായിരുന്നു.

ആറ് വര്‍ഷത്തോളം സെയില്‍സ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് സ്വന്തമായൊരു സ്ഥാപനം തുടങ്ങി. ഇതിനിടെ പലരും വഞ്ചിച്ചതിനെ തുടര്‍ന്ന് ചില സാമ്പത്തിക ബാധ്യതകളുണ്ടായി. ഇത് തീര്‍ക്കാനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വായ്‍പയെടുത്തതോടെയാണ് തിരിച്ചടികളുടെ തുടക്കം.

Read also: സൗദിയില്‍ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ തീപിടുത്തം; പ്രവാസി മലയാളി മരിച്ചു

വായ്‍പ തിരിച്ചടയ്ക്കാനാവാതെ വന്നപ്പോള്‍ ബാങ്ക് നല്‍കിയ പരാതിയില്‍ ഒരു മാസത്തോളം ജയിലില്‍ കിടന്നു. പിന്നീട് പുറത്തിറങ്ങിയെങ്കിലും മാനസിക നില താളംതെറ്റിയതോടെ മറ്റ് ജോലികളൊന്നും കണ്ടെത്താനാവാതെ സുഹൃത്തുക്കളുടെ സഹായത്തോടെയായി ജീവിതം. ഹൈദരാബാദ് സ്വദേശിയായ സുഹൃത്ത് രാമിനൊപ്പമായിരുന്നു ഏറെക്കാലമായി താമസം. ഇടയ്‍ക്ക് നാട്ടില്‍ പോയി അമ്മയെയും സഹോദരങ്ങളെയും കണ്ട് മടങ്ങി വന്നിരുന്നു.

ഒന്‍പത് വര്‍ഷം മുമ്പ് വിസാ കാലാവധി അവസാനിച്ചു. പിന്നീട് പാസ്‍പോര്‍ട്ടിന്റെ കാലാവധിയും തീര്‍ന്നു. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ചു. ഇതിനിടെ മസ്‍തിഷ്കാഘാതം ബാധിച്ച് ശരീരം തളര്‍ന്നു. അടുത്തിടെ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ദുബൈ റാഷിദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു.

ദുബൈയിലെ ചികിത്സാ ചെലവ് താങ്ങാനാവാത്തതായിരുന്നതിനാല്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ നാട്ടിലെത്തിച്ച് ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലയിരുന്നു. സാമൂഹിക പ്രവര്‍ത്തകരായ അഡ്വ. ഷാജഹാന്‍, ബിന്ദു നായര്‍ എന്നിവര്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ ഇതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച അന്ത്യം സംഭവിച്ചത്.

Read also: മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി തീർത്ഥാടക മരിച്ചു

click me!