അരാംകോ ഓഹരികളിന്മേലുള്ള വ്യാപാരം ബുധനാഴ്ച മുതൽ

By Web TeamFirst Published Dec 8, 2019, 12:19 PM IST
Highlights

സൗദി സ്റ്റോക് എക്സ്ചേഞ്ചായ ‘തദാവുലി’ൽ 2222 എന്ന കോഡിൽ ലിസ്റ്റ് ചെയ്താണ് ഓഹരികളുടെ വ്യാപാരം ആരംഭിക്കുന്നത്. 

റിയാദ്: ലോകത്തെ ഭീമൻ എണ്ണകമ്പനിയായ സൗദി അരാംകോ പൊതുവിപണിയിലിറക്കിയ ഓഹരികളിന്മേലുള്ള വ്യാപാരം ഈ മാസം 11ാം തീയതി ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് സൗദി സ്റ്റോക് എക്സ്ചേഞ്ചായ ‘തദാവുൽ’ അറിയിച്ചു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ 2222 എന്ന കോഡിൽ ലിസ്റ്റ് ചെയ്താണ് ഓഹരികളുടെ വ്യാപാരം ആരംഭിക്കുന്നത്. 

ഇതോടെ ഓഹരിയുടമകൾക്ക് തങ്ങളുടെ ഓഹരികൾ യഥേഷ്ടം കൈമാറ്റം ചെയ്യാനും വിൽക്കാനും കഴിയും. അരാംകോയുടെ ഓഹരി വിൽപന ഈ മാസം നാലിനായിരുന്നു അവസാനിച്ചത്. ആകെ ഒന്നര ശതമാനം ഓഹരികളായിരുന്നു വിറ്റത്. വിൽപനക്ക് താൽക്കാലികമായി നിശ്ചയിച്ച 32 സൗദി റിയാൽ (8.53 അമേരിക്കൻ ഡോളർ) എന്ന മുഖവില തന്നെയാണ് യഥാർത്ഥ ഓഹരി വിലയെന്ന് കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു. 

ആരാംകോ ഒന്നര ശതമാനം ഒാഹരി വിൽപനയിലൂടെ നേടിയത് 25.6 ശതകോടി ഡോളറാണ്. സൗദി ഒാഹരി വിപണിയിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന ഓഹരി മൂല്യമാണ് ഇത്. ആലിബാബ ഗ്രൂപ്പ് ഹോൾഡിങ് ലിമിറ്റഡ് ഓഹരി വിൽപനയിലൂടെ 2014ൽ നേടിയ 25 ശതകോടി ഡോളറിന്‍റെ റെക്കോർഡിനെയാണ് അരാംകോ മറികടന്നത്. 

click me!