
ഷാർജ: ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ജന്മദിനത്തിൽ ആശംസകളറിയിച്ച് മകൾ ശൈഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി. വ്യാഴാഴ്ചയായിരുന്നു ഷാർജ ഭരണാധികാരിയുടെ ജന്മദിനം. തന്‍റെ പിതാവുമായുള്ള ഊഷ്മളമായ ബന്ധം വ്യക്തമാക്കുന്ന ഹൃദ്യമായ കുറിപ്പും ശൈഖ ബോദൂർ ബിൻത് പങ്കുവെച്ചു.
‘എന്റെ പ്രിയപ്പെട്ട പിതാവേ, അങ്ങ് എപ്പോഴും ഞങ്ങളുടെ ശക്തമായ പിന്തുണയും ഞങ്ങളുടെ ചുവടുകളെ നയിച്ച വെളിച്ചവുമായിരുന്നു. ശക്തി എന്നത് കാരുണ്യത്തിലാണെന്നും അന്തസ്സ് കെട്ടിപ്പടുക്കുന്നത് പ്രവൃത്തികളിലൂടെയാണെന്നും അങ്ങാണ് ഞങ്ങളെ പഠിപ്പിച്ചത്,’- ശൈഖ ബോദൂർ കുറിച്ചു. പൊതുജീവിതത്തിലെ തിരക്കുകൾക്കപ്പുറം ഇരുവരും ഒന്നിച്ച് കാറിലിരിക്കുന്ന ഒരു സുന്ദര നിമിഷത്തിന്റെ ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
നിരവധി പ്രമുഖരും ജനങ്ങളും ഭരണാധികാരിക്ക് ദീർഘായുസ്സും ആരോഗ്യവും നേർന്നത്. അറിവിനും സംസ്കാരത്തിനും പ്രാധാന്യം നൽകുന്ന ശൈഖ് ഡോ. സുൽത്താൻ, എമിറേറ്റിന്റെ സാംസ്കാരിക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1939 ജൂലൈ 2 ഞായറാഴ്ച ഷാർജയിലാണ് ശൈഖ് ഡോ. സുൽത്താൻ ജനിച്ചത്. ശൈഖ് മുഹമ്മദ് ബിൻ സഖ്ർ അൽ ഖാസിമിയും ശൈഖ മറിയം ബിൻത് ശൈഖ് ഗാനിം അൽ ഷംസിയുമാണ് മാതാപിതാക്കൾ. അദ്ദേഹത്തിന് നാല് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്: ശൈഖ് ഖാലിദ്, ശൈഖ് സഖ്ർ, ശൈഖ് അബ്ദുൽ അസീസ്, ശൈഖ് അബ്ദുള്ള, ശൈഖ ശൈഖ, ശൈഖ നാഇമ എന്നിവരാണവർ.
1948 സെപ്റ്റംബറിൽ, 9-ാം വയസ്സിൽ ഷാർജ ഭരണാധികാരി അൽ ഇസ്‌ലാഹ് അൽ ഖാസിമിയ സ്കൂളിൽ ചേർന്നു. തുടർന്ന് 1954-ൽ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനായി ഒരു ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂളിൽ ചേർന്നു. ഷാർജയ്ക്കും കുവൈത്തിനുമിടയിലായി അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1965-ൽ ഉപരിപഠനത്തിനായി കെയ്‌റോയിലേക്ക് പോയ അദ്ദേഹം കെയ്‌റോ യൂണിവേഴ്‌സിറ്റിയുടെ അഗ്രിക്കൾച്ചർ കോളേജിൽ ചേർന്നു.
1965-ൽ അദ്ദേഹം ഷാർജ മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനായി. 1971-ൽ ബിരുദം നേടിയ ശേഷം ഷാർജയിലെ റൂളേഴ്‌സ് ഓഫീസ് നിയന്ത്രിച്ചു. 1971 ഡിസംബർ 2-ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപീകരിച്ചതിനെ തുടർന്ന് മന്ത്രിസഭ രൂപീകരിക്കുകയും അദ്ദേഹം യു.എ.ഇയുടെ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു. 1972 ജനുവരി 25-ന്, മുൻ ഭരണാധികാരിയായിരുന്ന ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗത്തെ തുടർന്ന് ശൈഖ് ഡോ. സുൽത്താൻ ഷാർജയുടെ ഭരണാധികാരിയായി ചുമതലയേറ്റു. 32-ാം വയസ്സിൽ അദ്ദേഹം യു.എ.ഇ സുപ്രീം കൗൺസിൽ അംഗമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam