17 വർഷത്തിന് ശേഷം അപേക്ഷകർ നേരിട്ടെത്തി; യുഎഇയിൽ പാസ്‌പോർട്ട് സേവനങ്ങൾക്ക് വൻ തിരക്ക്

Published : Jul 03, 2026, 12:33 PM IST
indian passport

Synopsis

യുഎഇയിൽ കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിലെ നിയമപ്രതിസന്ധി കാരണം ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും വൻ തിരക്ക്. ഇതിനോടൊപ്പം പാസ്‌പോർട്ട് പുതുക്കൽ ഫീസ് ഏകദേശം 60 ശതമാനം വർധിപ്പിച്ചത് സാധാരണക്കാരായ പ്രവാസികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ദുബായ്: യുഎഇയിൽ പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഇന്ത്യൻ എംബസിയിലും ദുബായ് കോൺസുലേറ്റിലും വൻ ജനത്തിരക്ക്. കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യാൻ തുടങ്ങിയതിന് ശേഷം കഴിഞ്ഞ 17 വർഷത്തിനിടയിൽ ആദ്യമായാണ് പ്രവാസികൾ മുൻകൂർ അപ്പോയിന്റ്മെന്റുകൾ ഇല്ലാതെ അപേക്ഷ സമർപ്പിക്കാൻ നേരിട്ടെത്തുന്നത്. പുതിയ സേവന ദാതാക്കളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട നിയമപ്രതിസന്ധിയാണ് നിലവിലെ താൽക്കാലിക ക്രമീകരണങ്ങൾക്ക് കാരണം.

മുൻ ഔട്ട്‌സോഴ്‌സിംഗ് പങ്കാളികളായ ബിഎൽഎസ് ഇന്റർനാഷണൽ, എസ്ജിഐവിഎസ് എന്നിവയുടെ കരാർ അവസാനിച്ചതും പുതിയ കരാർ ലഭിച്ച അൽഹിന്ദ് ട്രാവൽസിന് കോടതി വ്യവഹാരങ്ങൾ കാരണം കോൺസുലർ അപേക്ഷാ കേന്ദ്രങ്ങൾ തുറക്കാൻ സാധിക്കാത്തതുമാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണമായത്. നിലവിൽ അബുദാബി എംബസിയിലും ദുബായ് കോൺസുലേറ്റിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 വരെ നേരിട്ടെത്തുന്നവർക്ക് ടോക്കൺ അടിസ്ഥാനത്തിൽ അപേക്ഷകൾ സമർപ്പിക്കാം. സേവന പ്രതിസന്ധിക്കൊപ്പം പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടിയതും പ്രവാസികൾക്ക് തിരിച്ചടിയായി. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്ക് പ്രകാരം പാസ്‌പോർട്ട് പുതുക്കലിന് 285 ദിർഹത്തിൽ നിന്നും 450 ദിർഹമായി ഫീസ് ഉയർത്തി. ഏകദേശം 60 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ കോൺസുലേറ്റുകളിൽ പണമായി മാത്രമേ ഫീസ് സ്വീകരിക്കുന്നുള്ളൂ.

യുഎഇയിലുള്ള 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളിൽ ഭൂരിഭാഗവും സാധാരണക്കാരായ തൊഴിലാളികളാണ്. പെട്ടെന്നുണ്ടായ ഈ നിരക്ക് വർധനവ് ഇവരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് പ്രവാസി സംഘടനകളും വോളന്റിയർമാരും ചൂണ്ടിക്കാണിക്കുന്നു. ഇസിആർ പാസ്‌പോർട്ടുള്ള സാധാരണക്കാരായ തൊഴിലാളികൾക്കെങ്കിലും ഫീസിൽ 50 ശതമാനം ഇളവ് നൽകാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തയ്യാറാകണമെന്ന് കമ്മ്യൂണിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെഹ്റാനിൽ തടിച്ചുകൂടിയ ജനലക്ഷങ്ങളുടെ നടുവിലൂടെ ആയത്തൊള്ള അലി ഖമനെയിയുടെ ഭൗതികശരീരം എത്തിച്ചു; വിലാപ ചടങ്ങുകൾക്ക് തുടക്കം
കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; 46 നിയമലംഘനങ്ങൾ കണ്ടെത്തി, എട്ട് കടകൾക്ക് പൂട്ട്