
ദുബൈ: ലോകത്ത് ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലമേതാണ്? ആ ഒമ്പതുവയസ്സുകാരിക്ക് കൂടുതൽ ഒന്നും ചിന്തിക്കേണ്ടി വന്നില്ല, ഉടൻ മറുപടി വന്നു, ദുബൈ. കാൻസർ ബാധിതയായ ഫിന്നിഷുകാരി അഡെൽ ഷെസ്റ്റോവ്സ്കായക്കാണ് ദുബൈ ഒരിക്കലെങ്കിലും സന്ദർശിക്കണം എന്ന ആഗ്രഹം. സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം ദബൈയിലെ കാഴ്ചകളെപ്പറ്റി പങ്കുവെച്ചിരുന്ന ഈ ഒമ്പതുവയസ്സുകാരി ഒരിക്കൽപ്പോലും തന്റെ സ്വപ്ന നഗരം നേരിട്ട് കണ്ടിട്ടില്ല. അവളുടെ ആഗ്രഹം ഇനി ഒരു സ്വപ്നമായി നിലനിൽക്കില്ല, അത് യാഥാർത്ഥ്യമായിക്കഴിഞ്ഞു. ആ സ്വപ്ന സാക്ഷാത്കാരത്തിന് ചുക്കാൻ പിടിച്ചത് സാക്ഷാൽ ശൈഖ് ഹംദാനും.
ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരം അഡേലിനും കുടുംബത്തിനുമായി അവിസ്മരണീയമായ സന്ദർശന അനുഭവം തന്നെ എമിറേറ്റ് അധികൃതർ ഒരുക്കി. കുടുംബത്തെ സ്വീകരിക്കുന്നതിനും താമസം ഉൾപ്പടെയുള്ള എല്ലാ കാര്യങ്ങൾക്കുമായി ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ മേൽനോട്ടത്തിലായിരുന്നു സന്ദർശനത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.
അഡേലും കുടുംബവും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതുമുതൽ എല്ലാ കാര്യങ്ങളും അധികൃതർ കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. ജിഡിആർഎഫ്എ ഉദ്യോഗസ്ഥരും ദുബായുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലെം, സലാമ എന്നിവരും ചേർന്നാണ് ഇവരെ സ്വീകരിച്ചത്. കൂടാതെ കുട്ടികളുടെ പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറിൽ അഡെലിനും കുടുംബത്തിനും സ്വന്തം പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യാനുള്ള അവസരവും ഒരുക്കിയിരുന്നു. ജുമൈറ ബീച്ചിനടുത്തായിട്ടായിരുന്നു ഇവർക്കുള്ള താമസ സൗകര്യം ഒരുക്കിയിരുന്നത്. മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, അറ്റ്ലാന്റിസിലെ ദി ലോസ്റ്റ് ചേംബേഴ്സ് അക്വേറിയം, മൃഗശാല തുടങ്ങി എമിറേറ്റിലെ എല്ലാ പ്രധാന ലാൻഡ്മാർക്കുകളും അഡേലും കുടുംബവും സന്ദർശിച്ചു. വിനോദങ്ങൾക്ക് പുറമേ, അഡേലിന്റെ ആരോഗ്യത്തിനും അധികൃതർ മുൻഗണന നൽകിയിരുന്നു. കുട്ടികൾക്കായുള്ള അൽ ജലീല സ്പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് മെഡിക്കൽ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
അഡേലിനും കുടുംബത്തിനും മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞതിനും ഈ ദൗത്യത്തിനായി ഞങ്ങളെ നിയോഗിച്ചതിലുള്ള ശൈഖ് ഹംദാന്റെ വിശ്വാസത്തിനും ഞങ്ങൾ കൃതജ്ഞത രേഖപ്പെടുത്തുകയാണ്. രോഗങ്ങളോട് മല്ലിടുന്ന കുട്ടികളെ പരിചരിക്കുന്നതിലുള്ള ദുബൈയുടെ പ്രതിബന്ധതയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. സന്ദർശനത്തിന്റെ അവസാന ദിവസം അഡേലിനും കുടുംബത്തിനും ഊഷ്മളമായ യാത്രയയപ്പും അൽ മർറിയും സംഘവും ഒരുക്കിയിരുന്നു. ദുബായ് എയർപോർട്ട്‌സ്, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, അൽ ജലീല ചിൽഡ്രൻസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, സ്കൈ വിഐപി ലിമോസിൻ തുടങ്ങിയവയുമായി സഹകരിച്ചാണ് ഈ ദൗത്യം പൂർത്തീകരിച്ചതെന്ന് അൽ മർറി പറഞ്ഞു.
മകളുടെ സ്വപ്നം സാക്ഷാത്കരിച്ചതിലും ലഭിച്ച ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും അഡേലിന്റെ പിതാവ് വിറ്റാലി ഷെസ്റ്റോവ്സ്കി നന്ദി പ്രകടിപ്പിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ദുബൈ സന്ദർശനം. ഈ നഗരത്തിലേക്ക് ഇനിയും ഞങ്ങൾ എത്തും. ഇവിടം വിട്ട് പോകാൻ മകൾക്ക് ആഗ്രഹമില്ലെന്നും എന്നാൽ മകളുടെ ചികിത്സ ആവശ്യങ്ങൾക്കായി ഫിൻലൻഡിലേക്ക് തിരികെ പോകണമെന്നും അദ്ദേഹം പറഞ്ഞു. മറക്കാനാകാത്ത ഒരുപാട് ഓർമകൾ മുറുകെ പിടിച്ചാണ് ആ ഒമ്പതുവയസ്സുകാരി ദുബൈയിൽ നിന്നും തിരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ