
ദുബായ്: ദുബായുടെ പൊതുഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിക്ക് തുടക്കമാകുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന 42 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ 'ഗോൾഡ് ലൈൻ' പദ്ധതി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. 3400 കോടി ദിർഹം ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഭൂഗർഭ പാതയിലൂടെയാവും സർവീസ്.
ഗോൾഡ് ലൈൻ മെട്രോ പൂർണ്ണമായും ഭൂമിക്കടിയിലൂടെയാണ് സഞ്ചരിക്കുന്നത്. 40 മീറ്റർ വരെ ആഴത്തിലായിരിക്കും ഇതിന്‍റെ തുരങ്കങ്ങൾ നിർമ്മിക്കുക. അൽ ഗുബൈബയിൽ തുടങ്ങി മിന റാഷിദ്, സിറ്റി വാക്ക്, ബിസിനസ് ബേ, മുഹമ്മദ് ബിൻ റാഷിദ് സിറ്റി, നാദ് അൽ ഷെബ, ജെവിസി (JVC) വഴി ജുമൈറ ഗോൾഫ് എസ്റ്റേറ്റ് വരെയാണ് ഈ പാത നീളുന്നത്.
നിലവിലെ റെഡ്, ഗ്രീൻ ലൈനുകളെ ഗോൾഡ് ലൈൻ തമ്മിൽ ബന്ധിപ്പിക്കും. കൂടാതെ ഇത്തിഹാദ് റെയിലുമായും ഇതിന് കണക്ഷൻ ഉണ്ടായിരിക്കും. പ്രതിദിനം 4.6 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ഈ പാതയ്ക്ക് കഴിയും. ബിസിനസ് ബേയ്ക്കും ബുർജുമാനും ഇടയിലുള്ള തിരക്ക് 23 ശതമാനം കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. പൂർണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന ആദ്യ ഇന്റഗ്രേറ്റഡ് മെട്രോ ലൈൻ ആയിരിക്കും ഇത്. ദുബായ് മെട്രോയുടെ ചരിത്രപ്രധാനമായ തീയതിയായ 2032 സെപ്റ്റംബർ 9-ന് ഗോൾഡ് ലൈൻ പ്രവർത്തനസജ്ജമാകും. ദുബായ് മെട്രോയുടെ ഭാഗ്യദിനമായാണ് സെപ്റ്റംബർ 9 കണക്കാക്കപ്പെടുന്നത്. 2009 സെപ്റ്റംബർ 9-ന് രാത്രി 9 മണി 9 മിനിറ്റ് 9 സെക്കൻഡിലായിരുന്നു ആദ്യ മെട്രോ ഫ്ലാഗ് ഓഫ് ചെയ്തത്. വരാനിരിക്കുന്ന ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9-നും ഗോൾഡ് ലൈൻ 2032 സെപ്റ്റംബർ 9-നും ഉദ്ഘാടനം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam