സദ്ദാമിന് ദുബായില്‍ അഭയം വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍

By Web TeamFirst Published Jan 16, 2019, 12:14 AM IST
Highlights

'ക്വിസ്സത്തീ' (എന്റെ കഥ) എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിലാണ് ഇതാദ്യമായി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ശ്രമമെന്ന രീതിയിലായിരുന്നു സദ്ദാമിന് അഭയം വാഗ്ദാനം ചെയ്തത്. ഇതിനായി ഇറാഖില്‍ അധിനിവേശം ആരംഭിക്കുന്നതിന് മൂന്ന് മാസം മുന്‍പ് ഇറാഖിലെ സദ്ദാമിന്റെ വീട്ടില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി.

ദുബായ്: അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് മാസങ്ങള്‍ക്ക് മുന്‍പ് സദ്ദാം ഹുസൈനെ രഹസ്യമായി സന്ദര്‍ശിക്കുകയും ദുബായില്‍ അഭയം വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദുബായ് ഭരണാധികാരിയുടെ ആത്മകഥയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

'ക്വിസ്സത്തീ' (എന്റെ കഥ) എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിലാണ് ഇതാദ്യമായി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ശ്രമമെന്ന രീതിയിലായിരുന്നു സദ്ദാമിന് അഭയം വാഗ്ദാനം ചെയ്തത്. ഇതിനായി ഇറാഖില്‍ അധിനിവേശം ആരംഭിക്കുന്നതിന് മൂന്ന് മാസം മുന്‍പ് ഇറാഖിലെ സദ്ദാമിന്റെ വീട്ടില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി.

അഞ്ച് മണിക്കൂറുകള്‍ സദ്ദാമുമായി സംസാരിച്ചു. ഇതിനിടയില്‍ സദ്ദാം നാല് തവണ പുറത്തേക്ക് പോയി. വിദൂരത്ത് നിന്ന് പോലും തന്നെ ആരോ വെടിവെച്ച് കൊല്ലാനുള്ള സാധ്യത മുന്നില്‍ കണ്ട് സദ്ദാം നിരന്തരം കസേരകളില്‍ മാറിമാറിയിരുന്നുവെന്നും ശൈഖ് മുഹമ്മദ് പറയുന്നു. സംഭാഷണം നല്ല നിലയിലായിരുന്നു അവസാനിച്ചതെങ്കിലും അഭയം നല്‍കാമെന്ന തന്റെ വാഗ്ദാനം അദ്ദേഹം നിരസിച്ചു. മദ്ധ്യപൂര്‍വ ദേശത്ത് മറ്റൊരു സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഇതിന് മുന്‍പ് ഇറാന്‍-ഇറാഖ് യുദ്ധകാലത്തും താന്‍ സദ്ദാമിനെ സന്ദര്‍ശിച്ചിട്ടുള്ളതായി ശൈഖ് മുഹമ്മദ് വ്യക്തമാക്കുന്നു.

ഇറാഖുമായി സ്ഥിരമായ ബന്ധം നിലനിര്‍ത്താന്‍ താനും ശൈഖ് സായിദും പല ശ്രമങ്ങളും നടത്തിയിരുന്നു. ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെട്ട ഇറാന്‍-ഇറാഖ് യുദ്ധത്തിന് ശേഷം പ്രൗഡിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സദ്ദാം തന്നോടുള്ള അനിഷ്ടം ശൈഖ് സായിദിനെ അറിയിച്ചു. താന്‍ അറബികളെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളോടാണ് താല്‍പര്യമെന്നുമായിരുന്നു ആരോപണം. ഇതിന് ശേഷം സദ്ദാമിനെ സന്ദര്‍ശിക്കാന്‍ ശൈഖ് സായിദ് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നീട് കുവൈറ്റിലെ ഇറാഖ് അധിനിവേശത്തോടെ ബന്ധം വഷളായി.

പിന്നീട് 2011ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്ക ഇറാഖ് അധിനിവേശത്തിനൊരുങ്ങിയപ്പോള്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജോര്‍ജ് ബുഷുമായി സംസാരിച്ചു.  എന്നാല്‍ ഇറാഖില്‍ നിന്ന് കൂട്ട നശീകരണായുധങ്ങള്‍ പിടിച്ചെടുക്കണമെന്ന ആവശ്യത്തില്‍ അമേരിക്ക ഉറച്ചുനിന്നു. പിന്നീട് സദ്ദാമുമായി സംസാരിച്ചു. യുദ്ധം ഒഴിവാക്കാനാവുന്നത് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇറാഖ് വിടേണ്ട സാഹചര്യമുണ്ടെങ്കില്‍ ദുബായില്‍ അഭയമൊരുക്കാമെന്ന് പറഞ്ഞു. എന്നാല്‍ താന്‍ രക്ഷപെടുന്നതിനെക്കുറിച്ചല്ല ഇറാഖിനെ രക്ഷപെടുത്താനാണ് ശ്രമിക്കുന്നതെന്ന് സദ്ദാം മറുപടി പറ‍ഞ്ഞു.

കൂടിക്കാഴ്ചയ്ക്കിടെ സദ്ദാം ഓരോ തവണ പുറത്തേക്ക് പോയപ്പോഴും ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കണേയെന്ന് താന്‍ പ്രാര്‍ത്ഥിച്ചു. അഞ്ച് മണിക്കൂര്‍ നീണ്ട സംസാരത്തിന് ശേഷം സദ്ദാം വാഹനത്തിനടുത്ത് വരെ അനുഗമിച്ച് യാത്ര പറഞ്ഞു. അത് സദ്ദാമിന് പതിവില്ലാത്ത കാര്യമായിരുന്നു. പിന്നീട് ശറമുല്‍ ശൈഖില്‍ വെച്ച് നടന്ന അറബ് ലീഗ് ഉച്ചകോടിയില്‍ വെച്ച് ശൈഖ് സായിദ് സദ്ദാമിന് അബുദാബിയില്‍ അഭയം നല്‍കാമെന്ന് അറിയിച്ചുവെന്നും അദ്ദേഹം ആത്മകഥയില്‍ പറയുന്നു.

click me!