"ഭക്ഷണം നല്‍കുന്ന രാജ്യത്തെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്"; രൂക്ഷമായി പ്രതികരിച്ച് ശൈഖ ഹിന്‍ത് അല്‍ ഖാസിമി

By Web TeamFirst Published Apr 19, 2020, 10:27 PM IST
Highlights

വംശീയ വിദ്വേഷവും വിവേചനവും പ്രകടിപ്പിക്കുന്നവര്‍ യുഎഇയില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നായിരുന്നു ശൈഖ ഹിന്‍ത് അല്‍ ഖാസിമിയുടെ പ്രതികരണം. ഇതിന് ഉദാഹരണമെന്ന് പറഞ്ഞ് സൗരഭ്‌ ഉപധ്യായുടെ പേരിലുള്ള മൂന്ന് ട്വീറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും ഇവര്‍ ട്വീറ്റ് ചെയ്തു. 

മതവിദ്വേഷം പരത്തുന്ന ട്വീറ്റുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് യുഎഇയിലെ പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും രാജകുടുംബാംഗവുമായ ശൈഖ ഹിന്‍ത് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിമി. സൗരഭ്‌ ഉപധ്യായ് എന്നയാളാണ് തബ്‍ലീഗ് സമ്മേളനത്തിന്റെ പേരില്‍ വിദ്വേഷപരമായ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്തത്. യുഎഇയിലെ പ്രമുഖരടക്കം രംഗത്തെത്തിയതോടെ ഇയാളുടെ ട്വിറ്റര്‍ അക്കൌണ്ടും അപ്രത്യക്ഷമായി.

വംശീയ വിദ്വേഷവും വിവേചനവും പ്രകടിപ്പിക്കുന്നവര്‍ യുഎഇയില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നായിരുന്നു ശൈഖ ഹിന്‍ത് അല്‍ ഖാസിമിയുടെ പ്രതികരണം. ഇതിന് ഉദാഹരണമെന്ന് പറഞ്ഞ് സൗരഭ്‌ ഉപധ്യായുടെ പേരിലുള്ള മൂന്ന് ട്വീറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും ഇവര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യക്കാരുമായി രാജകുടുംബത്തിന് നല്ല ബന്ധമാണുള്ളതെന്നും എന്നാല്‍ ഒരുരാജകുടുംബാംഗമെന്ന നിലയില്‍ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും ശൈഖ ഹിന്‍ത് മറ്റൊരു ട്വീറ്റില്‍ പറയുന്നു. ജോലി ചെയ്യുന്നവര്‍ക്കെല്ലാം ശമ്പളം ലഭിക്കുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്. നിങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന ഈ രാജ്യത്തെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്. അധിക്ഷേപങ്ങള്‍ അവഗണിക്കാനാവില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ട ചിലര്‍ക്ക് യുഎഇയില്‍ ജോലി നഷ്ടമായിരുന്നു. ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികളെ സാമൂഹിക മാധ്യമങ്ങളിലൂടെ പരിഹസിച്ച സ്വദേശി മാധ്യമ പ്രവര്‍ത്തകനും ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇ അധികൃതര്‍ അറസ്റ്റ് ചെയ്തു.

click me!