
കുവൈത്ത് സിറ്റി: പൗരന്മാരുടെയും പ്രവാസികളുടെയും ഒപ്പുകൾ ദുരുപയോഗം ചെയ്ത് കോടതികളിൽ വ്യാജ സാമ്പത്തിക കേസുകൾ ഫയൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച വിദേശ ക്രിമിനൽ സംഘം കുവൈത്തിൽ പിടിയിൽ. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ക്രിമിനൽ സംഘത്തെ പിടികൂടിയത്.ഒരു പൗരൻ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തനിക്ക് പരാതിക്കാരനുമായി യാതൊരു സാമ്പത്തിക ഇടപാടോ പരിചയമോ ഇല്ലാതിരുന്നിട്ടും തനിക്കെതിരെ പണം നൽകാൻ കോടതി വിധി വന്നതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു.അന്വേഷണത്തിൽ പ്രധാന പ്രതി മുൻപ് ജോലി ചെയ്തിരുന്ന വാഹന വാടക കമ്പനിയിലെ അനുഭവം ഉപയോഗപ്പെടുത്തി വാടക നടപടികളുടെ ഭാഗമാണെന്ന് പറഞ്ഞ് പൗരന്മാരുടെയും പ്രവാസികളുടെയും ഒഴിഞ്ഞ പ്രോമിസറി നോട്ടുകളിലും രേഖകളിലും ഒപ്പുകൾ വാങ്ങിയതായി കണ്ടെത്തി. പിന്നീട് ഈ രേഖകൾ കൈവശം സൂക്ഷിച്ച ശേഷം രാജ്യം വിട്ട പ്രതി അവ ഉപയോഗിച്ച് വ്യാജ സാമ്പത്തിക അവകാശവാദങ്ങൾ തയ്യാറാക്കി കോടതികളിൽ സമർപ്പിക്കുകയായിരുന്നു.
പ്രധാന പ്രതിയുടെ സഹോദരിയാണ് വ്യാജ രേഖകൾ കോടതിയിൽ സമർപ്പിക്കുകയും കേസുകൾ ഫയൽ ചെയ്യുകയും കോടതി വിധിക്ക് ശേഷം പണം കൈപ്പറ്റുകയും ചെയ്തിരുന്നത്. ഇവരെ അറസ്റ്റ് ചെയ്തപ്പോൾ നിരവധി പ്രോമിസറി നോട്ടുകൾ, വ്യാജ രേഖകൾ, പ്രാദേശിക ബാങ്കുകളുടെ രസീതുകൾ എന്നിവ കണ്ടെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അന്വേഷണത്തിൽ ഇതേ രീതിയിൽ 130ലധികം സാമ്പത്തിക കേസുകൾ സംഘം കോടതികളിൽ ഫയൽ ചെയ്തതായി വ്യക്തമായി. ഒഴിഞ്ഞ പ്രോമിസറി നോട്ടുകളിലോ വിവരങ്ങൾ പൂർണമല്ലാത്ത രേഖകളിലോ ഒരിക്കലും ഒപ്പിടരുതെന്നും, ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷമേ രേഖകളിൽ ഒപ്പിടാവൂ എന്നും ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ പരമാവധി ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam