
അബുദാബി: പശ്ചിമേഷ്യയിൽ ഇറാൻ്റെ ആക്രമണം തുടരുകയാണ്. ഗൾഫ് മേഖല ആശങ്കയിലാണെങ്കിലും യുഎഇയുടെ സമ്പത്ത് മേഖലയിൽ കോട്ടമൊന്നും തട്ടില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും യുഎഇയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ എസ് ആന്റ് പി ഗ്ലോബൽ വിലയിരുത്തുന്നു. എണ്ണ ഉൽപ്പാദനത്തിലോ കയറ്റുമതിയിലോ തടസ്സങ്ങളുണ്ടായാൽ പോലും, രാജ്യത്തിന്റെ കരുത്തുറ്റ സാമ്പത്തിക കരുതൽ ശേഖരം നയപരമായ തീരുമാനങ്ങൾ എടുക്കാൻ സർക്കാരിന് സഹായകമാകുമെന്ന് ഏജൻസി വ്യക്തമാക്കുന്നു.
യുഎഇ സമ്പദ്‌വ്യവസ്ഥയുടെ കരുത്തിന് പിന്നിലെ 6 പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്
യുഎഇയുടെ പക്കൽ അസാധാരണമാംവിധം വലിയ സർക്കാർ ആസ്തികളുണ്ട്. 2026-ഓടെ രാജ്യത്തിന്റെ ആകെ അറ്റ ആസ്തി ജിഡിപിയുടെ (GDP) 184 ശതമാനവും ലിക്വിഡ് ആസ്തികൾ (Liquid Assets) ജിഡിപിയുടെ 210 ശതമാനവും എത്തുമെന്ന് എസ് ആന്റ് പി കണക്കാക്കുന്നു. ആഗോള വിപണിയിലോ വ്യാപാരത്തിലോ തടസ്സങ്ങളുണ്ടായാൽ ഒരു ഷോക്ക് അബ്സോർബർ പോലെ പ്രവർത്തിക്കാൻ ഈ കരുതൽ ശേഖരത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
പല വികസിത രാജ്യങ്ങളെയും അപേക്ഷിച്ച് യുഎഇയുടെ പൊതു കടം വളരെ കുറവാണ്. 2026-ഓടെ ഇത് ജിഡിപിയുടെ 27 ശതമാനം മാത്രമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. കുറഞ്ഞ കടബാധ്യതയുള്ളതിനാൽ, സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായാൽ വിപണിയെ സുസ്ഥിരമാക്കാൻ കൂടുതൽ തുക ചെലവഴിക്കാൻ സർക്കാരിന് സാധിക്കും.
3. നിയന്ത്രിത ചെലവുകൾ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎഇയുടെ സാമ്പത്തിക സ്ഥിതി മികച്ചതാണ്. 2021-നും 2025-നും ഇടയിൽ യുഎഇയുടെ ബജറ്റ് സർപ്ലസ് ശരാശരി 5.6 ശതമാനമായിരുന്നു. അതായത്, സർക്കാരിന്റെ വരുമാനം ചെലവിനേക്കാൾ കൂടുതലായിരുന്നു. ഈ മിച്ചം പ്രതിസന്ധി ഘട്ടങ്ങളിൽ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്താൻ സഹായിക്കുമെന്നാണ് എസ് ആന്റ് പി റിപ്പോർട്ടിനെ അധികരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
4. എണ്ണയിതര മേഖലയിലെ വളർച്ച
എണ്ണ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണെങ്കിലും, യുഎഇയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 75 ശതമാനവും ഇപ്പോൾ എണ്ണയിതര മേഖലകളിൽ നിന്നാണ്. ഇത് ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തെ സഹായിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
5. സുസ്ഥിര നിക്ഷേപങ്ങൾ
സർക്കാർ നിക്ഷേപങ്ങളും 'സോവറിൻ വെൽത്ത് ഫണ്ടുകളും' സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ADIA), മുബദാല, ADQ, ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ഓഫ് ദുബായ്, എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
6. ശക്തമായ ബാങ്കിംഗ് മേഖല
യുഎഇയിലെ ബാങ്കിംഗ് സംവിധാനം മികച്ച സാമ്പത്തിക ശേഷി പ്രകടിപ്പിക്കുന്നുണ്ട്. ബാങ്കിംഗ് മേഖലയിൽ മതിയായ പണമൊഴുക്ക് (Liquidity) ഉള്ളതിനാൽ വായ്പാ നടപടികൾ വരും വർഷങ്ങളിലും സജീവമായി തുടരുമെന്ന് എസ് ആന്റ് പി ഗ്ലോബലിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുഎഇയുടെ സോവറിൻ ക്രെഡിറ്റ് റേറ്റിംഗ് 'AA/A-1+' ആയാണ് നിലനിർത്തിയിരിക്കുന്നത്. വരും കാലങ്ങളിലും യുഎഇയുടെ സാമ്പത്തിക സാഹചര്യം സുസ്ഥിരമായി തുടരുമെന്നാണ് ഏജൻസിയുടെ കാഴ്ചപ്പാട്. രാഷ്ട്രീയമോ യുദ്ധപരമോ ആയ പ്രശ്നങ്ങൾ എണ്ണ വിപണിയെ ബാധിച്ചാലും അത് നേരിടാനുള്ള കരുത്ത് യുഎഇയ്ക്കുണ്ടെന്ന് ഈ റിപ്പോർട്ട് അടിവരയിടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam