
മസ്കറ്റ്: ഒമാനിലെ സോഹാർ മലയാളി സംഘം സംഘടിപ്പിക്കുന്ന പത്താമത് എസ്എംഎസ് യുവജനോത്സവം ഒക്‌ടോബർ 24ന് ആരംഭിക്കും. ചടങ്ങുകളിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ് മുഖ്യാതിഥിയായി പങ്കെടുക്കും.
വിവിധ പ്രായത്തിലുള്ള നൂറുകണക്കിന് ആളുകൾ വേദിയിലും വേദിക്ക് പുറത്തുമുള്ള മത്സരങ്ങളിൽ പങ്കെടുക്കും. ഒക്ടോബർ 24ന് ഓഫ് സ്‌റ്റേജ് മത്സരങ്ങൾ സോഹാറിലെ ലുലു മാളിലും, നവംബർ ഏഴ്, എട്ട് തീയതികളിൽ സുഹാർ പ്ലാസയിൽ ഓൺ സ്‌റ്റേജ് പരിപാടികളും നടക്കും. ഒമാനിലെ ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ സർഗ്ഗാത്മകത, ടീം വർക്ക്, സാംസ്‌കാരിക ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഓപ്പൺ ടു ഓൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. സാഹിത്യം, കല, പെർഫോമിംഗ് ആർട്‌സ് എന്നീ വിഭാഗങ്ങളിലായി 44 മത്സര പരിപാടികളാണ് ഉള്ളത്.
ഒമാനിലുടനീളമുള്ള ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള 500ലധികം പേർ ഫെസ്റ്റിവലിൽ പങ്കെടുക്കും. ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള 14 പ്രമുഖ വിധികർത്താക്കളുടെ ഒരു പാനൽ മത്സരങ്ങളുടെ വിധി നിർണയിക്കും. സ്‌റ്റേജിലെ മത്സരങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരള നടനം, സെമിക്ലാസിക്കൽ നൃത്തം, നാടോടി നൃത്തം, പാശ്ചാത്യ നൃത്തം, സിനിമാറ്റിക് നൃത്തം, എക്‌സ്‌റ്റെംപോർ എന്നിവ ഉൾപ്പെടും. സംഗീത, നാടക പരിപാടികളിൽ ലളിത സംഗീതം, ചലച്ചിത്ര ഗാനം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, നാടക ഗാനം, മാപ്പിളപ്പാട്ട്, നാടൻ പാട്ട്, മോണോ ആക്ട്, മിമിക്രി എന്നിവ ഉൾപ്പെടും.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നി ഭാഷകളിലുള്ള പാരായണത്തിലും പ്രസംഗത്തിലും മത്സരം ഉണ്ടാകും , കൂടാതെ കഥാപ്രസംഗം, ഫാൻസി ഡ്രസ്സ് എന്നിവയും മത്സര ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഫ് സ്റ്റേജ് പരിപാടികളിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ ഉപന്യാസ രചന, കവിതാ രചന, കൈയക്ഷരം, ചെറുകഥ രചന എന്നിവ ഉണ്ടാകും. കൂടാതെ, പങ്കെടുക്കുന്നവരെ അവരുടെ സർഗ്ഗാത്മകതയും കലാപരമായ കഴിവുകളും പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പെൻസിൽ ഡ്രോയിംഗ്, പെൻസിൽ കളറിംഗ് മത്സരങ്ങളും ഉണ്ടായിരിക്കും. ഒക്ടോബർ 20 വരെ സുഹാർ മലയാളി സംഘം ( https://soharmalayalisangham.com)വെബ്‌സൈറ്റ് വഴി ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്കും മുതിർന്നവർക്കും രജിസ്റ്റർ ചെയ്യാം. സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ചാണ് സോഹാർ മലയാളി സംഘം സംഘടിപ്പിക്കുന്ന യുവജനോത്സവം അരങ്ങേറുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam