
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ ശാസ്ത്ര സങ്കേതിക വിഭാഗമായ മസ്കറ്റ് സയൻസ് ഫെസ്റ്റ് സയൻസ് പ്രൊജക്റ്റ് കോണ്ടസ്റ്റ് 2023 എന്ന പേരിൽ ഒമാനിലെ വിദ്യാർത്ഥികള്‍ക്കായി ശാസ്ത്രമേളയും സയൻസ് പ്രൊജക്റ്റ്കളുടെ പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കുന്നു. മെയ് 5, 6 തീയ്യതികളിൽ നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ നഗരിയിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ മസ്കത്തിലെ അമറാത്ത് ഗ്രൗണ്ടിൽ പൂർത്തിയായി വരുന്നതായി സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.
കേരളോത്സവത്തിന്റെയും പിന്നീട് ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്റേയും വേദിയിൽ വച്ച് വളരെ വിപുലമായ രീതിയിലാണ് ഇത്തരം പരിപാടികൾ കേരള വിഭാഗം സംഘടിപ്പിച്ചു വരുന്നത്. ഒമാനിൽ പഠിക്കുന്ന 18 വയസിൽ താഴെയുള്ള എല്ലാ വിദ്യാർഥികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഈ മാസം 20 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിവിധ സ്കൂളുകളിൽ നിന്നായി മുൻ വർഷങ്ങളിൽ നൂറുകണക്കിന് പ്രൊജക്ടുകളാണ് മത്സരത്തിനായി എത്താറുള്ളത്. മികച്ച പ്രൊജക്റ്റ്കള്‍ക്ക് ആകർഷകമായ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടികളെ അന്ധവിശ്വാസങ്ങളിൽ മോചിപ്പിക്കുന്നതിനും അവരുടെ ചിന്തകളിൽ ശാസ്ത്രബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഇത്തരം ഒരു ശാസ്ത്ര മേളയുമായി മുന്നോട്ട് വരാൻ പ്രേരിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 97787147 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam