മരിച്ച തമിഴ്നാട് സ്വദേശികളുടെ മൃതദേഹം തിങ്കളാഴ്ച രാത്രി നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷ. വിവിധ രാജ്യക്കാരായ 16 പേരാണ് തീപിടുത്തത്തില്‍ മരിച്ചത്.

ചെന്നൈ: ദുബൈയിലെ ദേരയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മരിച്ച രണ്ട് തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കള്ളക്കുറിച്ചി രാമരാജപുരം സ്വദേശികളായ ഇമാം കാസിം അബ്‍ദുല്‍ ഖാദര്‍ (43), ഗുഡു സാലിയാകൂണ്ടു (49) എന്നിവരാണ് ശനിയാഴ്ചയുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്. സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്നും യുഎഇയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും എം.കെ സ്റ്റാലിന്‍ പ്രസ്‍താവനയിലൂടെ അറിയിച്ചു.

മരിച്ച തമിഴ്നാട് സ്വദേശികളുടെ മൃതദേഹം തിങ്കളാഴ്ച രാത്രി നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷ. വിവിധ രാജ്യക്കാരായ 16 പേരാണ് തീപിടുത്തത്തില്‍ മരിച്ചത്. ഇവരില്‍ നാല് പേര്‍ ഇന്ത്യക്കാരായിരുന്നു. രണ്ട് തമിഴ്നാട് സ്വദേശികള്‍ക്ക് പുറമെ മലപ്പുറം സ്വദേശികളായ മലയാളി ദമ്പതികള്‍ റിജേഷും (38), ജിഷിയും (32) അപകടത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. റിജേഷിന്റെയും ജിഷിയുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിച്ചു. ഇരുവരുടെ നിര്‍മാണം പൂര്‍ത്തിയാവാറായ പുതിയ വീട്ടിലേക്കാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. ദമ്പതികളെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ ജനാവലിയാണ് നാട്ടില്‍ തടിച്ചുകൂടിയിരുന്നത്.

മരണപ്പെട്ട തമിഴ്നാട് സ്വദേശികള്‍ രണ്ട് പേര്‍ക്കും തീപിടിച്ച കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ജീവന്‍ നഷ്ടമായത്. ഇരുവരും ഒരേ നാട്ടുകാരാണ്. റിജേഷും ജിഷിയും താമസിച്ചിരുന്നതിന്റെ തൊട്ടടുത്ത മുറിയിലാണ് തീപിടിച്ചത്. ഇവിടെ നിന്നുള്ള പുക ശ്വസിച്ചതാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചത്. 

പതിനൊന്ന് വര്‍ഷം മുമ്പ് വിവാഹിതരായ റിജേഷിനും ജിഷിക്കും മക്കളില്ല. ഒരു പതിറ്റാണ്ടിലധികം പ്രവാസ ലോകത്ത് ജോലി ചെയ്‍ത് സമ്പാദിച്ചാണ് വീടെന്ന സ്വപ്‍നം അടുത്തിടെ ഏതാണ്ട് പൂര്‍ത്തീകരിച്ചത്. വിഷുവിന് ഗൃഹപ്രവേശനം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ ആ സമയം നാട്ടില്‍ പോകാന്‍ കഴിയാതെ വന്നതോടെ തീരുമാനം മാറ്റി. എങ്കിലും വൈകാതെ തന്നെ പണി പൂര്‍ത്തിയാക്കി പുതിയ വീട്ടില്‍ താമസം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

Read also: പ്രവാസ ജീവിതം കൊണ്ട് സ്വരൂക്കൂട്ടി നിര്‍മിച്ച വീട്ടിലേക്ക് റിജേഷും ജിഷിയുമെത്തിയത് ചേതനയറ്റ ശരീരങ്ങളായി