
ദുബൈ: ശക്തമായ ചൂട് അനുഭവപ്പെടുന്ന യുഎഇയില്‍ ആശ്വാസമായി കഴിഞ്ഞ ദിവസം സുഹൈല്‍ നക്ഷത്രം ഉദിച്ചു. ഉരുകിയൊലിക്കുന്ന രാജ്യത്തെ ഉഷ്ണകാലത്തിന് അന്ത്യമാവുന്നതിന്റെ അടയാളമായാണ് സുഹൈല്‍ നക്ഷത്രം ആകാശത്ത് ദൃശ്യമാവുന്നതിനെ കണക്കാക്കുന്നത്. ഇന്റര്‍നാഷണല്‍ ആസ്‍ട്രോണമി സെന്ററാണ് യുഎഇയിലെ സുഹൈല്‍ നക്ഷത്രമുദിച്ചതായി ട്വീറ്റ് ചെയ്‍തത്. ഖത്തറിലെ കാലാവസ്ഥാ വകുപ്പും സമാവമായ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുഎഇയില്‍ പലതവണ അന്‍പത് ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക് ഉയര്‍ന്ന അന്തരീക്ഷ താപനില ഇനി വരും ദിവസങ്ങളില്‍ പടിപടിയായി കുറഞ്ഞുവരുമെന്നതിന്റെ സൂചനയായാണ് സുഹൈല്‍ നക്ഷത്രത്തെ കണക്കാക്കുന്നത്. യുഎഇ മാത്രമല്ല മറ്റ് ഗള്‍ഫ് രാജ്യങ്ങളും കൂടി ഉള്‍പ്പെടുന്ന മദ്ധ്യ അറേബ്യയില്‍ മുഴുവന്‍ കാലാവസ്ഥാ മാറുന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. അടുത്ത രണ്ട് മാസം കൊണ്ട് പടിപടിയായി ചൂട് കുറഞ്ഞ് നവംബറോടെ രാജ്യത്ത് തണുപ്പ് തുടങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പൗരണിക കാലം മുതല്‍ അറബികള്‍ കാലാവസ്ഥാ പ്രവചനത്തിന് സുഹൈല്‍ നക്ഷത്രത്തെ ആശ്രയിക്കുന്നുണ്ട്. അറബ് കവിതകളിലും സാഹിത്യ കൃതികളിലുമെല്ലാം സുഹൈല്‍ നക്ഷത്രത്തെ പ്രതിപാദിക്കുന്നുണ്ടെന്ന് അറബ് യൂണിയന്‍ ആസ്‍ട്രോണമി ആന്റ് സ്‍പേസ് സയന്‍സസ് അംഗം ഇബ്രാഹീം അല്‍ ജര്‍വാന്‍ പറഞ്ഞു. മത്സ്യബന്ധനം, കൃഷി തുടങ്ങിയവയ്ക്ക് അടിസ്ഥാനമായി കണക്കാക്കിയിരുന്നത് സുഹൈല്‍ നക്ഷത്രത്തെയായിരുന്നു. യുഎഇയിലെ സാഹിത്യ കൃതികളില്‍ സ്നേഹത്തിന്റയും പരിശുദ്ധിയുടെയും അടയാളമായും സുഹൈല്‍ നക്ഷത്രത്തെ സൂചിപ്പിക്കാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ