എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ യുഎഇയിലെ ഇന്ധനവില; ടാക്‌സി, പൊതുഗതാഗത നിരക്ക് കുറയും

By Web TeamFirst Published Oct 3, 2022, 7:53 PM IST
Highlights

പൊതുഗതാഗത നിരക്കുകളും പുഃനക്രമീകരിച്ചിട്ടുണ്ട്. 

അജ്മാന്‍: യുഎഇയില്‍ ഇന്ധനവില എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയതിന് പിന്നാലെ ടാക്‌സി സേവന നിരക്കില്‍ കുറവ് പ്രഖ്യാപിച്ച് അജ്മാന്‍ അധികൃതര്‍. കിലോമീറ്ററിന് 1.82 ദിര്‍ഹമായിരിക്കും ടാക്‌സി മീറ്റര്‍ നിരക്കെന്ന് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. 

ഓരോ മാസത്തെയും ഇന്ധനവില അനുസരിച്ച് അജ്മാനില്‍ ടാക്‌സി നിരക്കില്‍ മാറ്റം വരാറുണ്ട്. ഇന്ധനവില വര്‍ധിച്ചപ്പോള്‍ ജൂലൈയില്‍ ടാക്‌സി നിരക്കും ഉയര്‍ന്നിരുന്നു. പൊതുഗതാഗത നിരക്കുകളും പുഃനക്രമീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം മാസവും വില കുറഞ്ഞതിനെ തുടര്‍ന്ന് യുഎഇയിലെ ഇന്ധന വില ഇപ്പോള്‍ എട്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് രാജ്യത്ത് ഇന്ധന വില ഉയര്‍ന്നു തുടങ്ങിയത്. യുക്രൈന്‍ - റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇന്ധന വില ചരിത്രത്തിലാദ്യമായി  നാല് ദിര്‍ഹം കടന്നിരുന്നു. അതിന് ശേഷമാണ് പടിപടിയായി വില കുറഞ്ഞത്.

Read More: യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

ഫെബ്രുവരിയില്‍ തുടങ്ങിയ റഷ്യ - യുക്രൈന്‍ അധിനിവേശം ജൂലൈയില്‍ അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലെത്തിയപ്പോള്‍ യുഎഇയില്‍ സൂപ്പര്‍ 98 പെട്രോളിന് വില 4.63 ദിര്‍ഹമായിരുന്നു വില. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്ധന വിലയായിരുന്നു അത്. രണ്ട് ദിവസം മുമ്പ് ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ സൂപ്പര്‍ 98 പെട്രോളിന്റെ വില 3.03 ദിര്‍ഹമാണ്. സെപ്റ്റംബറില്‍ ഇതിന് 3.41 ദിര്‍ഹമായിരുന്നു. മറ്റ് ഗ്രേഡിലുള്ള പെട്രോളിനും ഡീസലിനുമെല്ലാം ഇതേ കണക്കില്‍ വില കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 2.94 ദിര്‍ഹമായിരുന്നു സൂപ്പര്‍ 98 പെട്രോളിന്റെ വിലയെങ്കില്‍ മാര്‍ച്ചില്‍ അത് 3.23 ദിര്‍ഹമായി ഉയര്‍ന്നിരുന്നു. 

Read More:  ദുബൈ പൊലീസിന്റെ ആഡംബര വാഹനവ്യൂഹത്തിന് പകിട്ടേകാന്‍ ആദ്യ ഇലക്ട്രിക് കാര്‍

2015 മുതലാണ് അന്താരാഷ്‍ട്ര വിപണിയിലെ അസംസ്‍കൃത എണ്ണയുടെ വില അടസ്ഥാനപ്പെടുത്തി യുഎഇയില്‍ ചില്ലറ വിപണിയിലെ ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്. എല്ലാ മാസവും ഇത് അനുസരിച്ച് വിലയില്‍ മാറ്റം വരുത്താന്‍ ഫ്യുവല്‍ പ്രൈസിങ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്‍തു. റഷ്യന്‍ - യുക്രൈന്‍ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി അസംസ്‍കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി വില കുറയുവകയാണ്. ഒക്ടോബറില്‍ സൂപ്പര്‍ 98 പെട്രോളിന് 3.03 ദിര്‍ഹവും സ്‍പെഷ്യല്‍ 95 പെട്രോളിന് 2.92 ദിര്‍ഹവും ഇ-പ്ലസ് പെട്രോളിന് 2.85 ദിര്‍ഹവുമാണ് വില.

click me!