മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍ അപമാനിച്ചെന്ന പരാതിയുമായി യുവതി

By Web TeamFirst Published Sep 7, 2018, 11:49 PM IST
Highlights

ഫോണ്‍ വാങ്ങുമ്പോള്‍ യുവതിയുടെ തോളില്‍ കൈ തട്ടുകയും അതിന് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തകരാറ് പരിഹരിച്ച് തിരികെ കൊടുത്തപ്പോള്‍ 100 ദിര്‍ഹം സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കാതെ ഇവര്‍ കാറോടിച്ച് പോവുകയായിരുന്നു. 

റാസല്‍ഖൈമ: മൊബൈല്‍ ഫോണ്‍ നന്നാക്കാനായി കൊടുക്കുന്നതിനിടെ യുവാവ് അപമാനിച്ചെന്നും ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നും യുവതിയുടെ പരാതി. റാസല്‍ഖൈമ ക്രിമിനല്‍ കോടതിയിലാണ് വിചാരണയ്ക്കായി കേസ് എത്തിയത്.

ഫോണിന്റെ സ്ക്രീന്‍ തകരാറിലായത് നന്നാക്കാനായിരുന്നു കടയില്‍ പോയത്. ഇതിനായി ഫോണിന്റെ പാസ്‍വേഡും നല്‍കി. ഇത് ഉപയോഗിച്ച് തന്റെ അനുവാദമില്ലാതെ ഫോണിലെ ചിത്രങ്ങള്‍ നോക്കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതിന് പുറമെ തകരാര്‍ പരിഹരിക്കാനായി ഫോണ്‍ കാറിന്റെ വിന്‍ഡോയിലൂടെ കൈമാറുമ്പോള്‍ തന്റെ ശരീരത്തില്‍ പല സ്ഥലത്തും ഇയാള്‍ സ്പര്‍ശിച്ചുവെന്നും ആരോപിക്കുന്നു

എന്നാല്‍ യാതൊരു തെളിവുമില്ലാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചത്. ഫോണ്‍ വാങ്ങുമ്പോള്‍ യുവതിയുടെ തോളില്‍ കൈ തട്ടുകയും അതിന് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തകരാറ് പരിഹരിച്ച് തിരികെ കൊടുത്തപ്പോള്‍ 100 ദിര്‍ഹം സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കാതെ ഇവര്‍ കാറോടിച്ച് പോവുകയായിരുന്നു. ഇതിനെതിരെ ടെക്നീഷ്യന്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം പീഡനം സംബന്ധിച്ച പരാതി യുവതി നല്‍കിയതെന്നും പ്രതിഭാഗം അഭിഭാഷകര്‍ ആരോപിച്ചു. 
സിസിടിവി ദൃശ്യങ്ങളില്‍ പീഡനം നടന്നതായി കാണുന്നില്ല. കടയുടെ പരിസരത്ത് വെച്ച് ബഹളം വെയ്ക്കുകയോ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ നടന്നതായി ആരും കണ്ടിട്ടുമില്ല. ഈ സാഹചര്യത്തില്‍ പരാതി കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം മാറ്റിവെച്ചു. തുടര്‍ന്ന് കേസ് 26ലേക്ക് മാറ്റിവെച്ചു.

click me!