പുകവലി വിലക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിച്ചു; 10 പ്രവാസികളെ നാടുകടത്തും

By Web TeamFirst Published Nov 8, 2022, 9:48 AM IST
Highlights

അടച്ചിട്ട സ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ പുകവലിക്കരുതെന്ന് ഈജിപ്ത് സ്വദേശിയോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ പ്രവാസി, ഉദ്യോഗസ്ഥനെ ആക്രമിക്കുകയും മറ്റ് പ്രവാസികളെ കൂടി വിളിച്ചു വരുത്തുകയുമായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച പ്രവാസികള്‍ക്കെതിരെ നടപടി. ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ദജീജ് പ്രദേശത്ത് പരിശോധനകള്‍ നടത്തുകയായിരുന്ന ഉദ്യോഗസ്ഥരെയാണ് ഈജിപ്ത് സ്വദേശികള്‍ ആക്രമിച്ചത്. 

ദജീജ് പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഒരു ഈജിപ്ത് സ്വദേശി കടക്കുള്ളില്‍ നിന്ന് പുകവലിക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടു. അടച്ചിട്ട സ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ പുകവലിക്കരുതെന്ന് ഈജിപ്ത് സ്വദേശിയോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ പ്രവാസി, ഉദ്യോഗസ്ഥനെ ആക്രമിക്കുകയും മറ്റ് പ്രവാസികളെ കൂടി വിളിച്ചു വരുത്തുകയുമായിരുന്നു. തുടര്‍ന്ന് 10 ഈജിപ്ത് സ്വദേശികള്‍ ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയായിരുന്നു. 

ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ പ്രവാസികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മെഡിക്കല്‍ റിപ്പോര്‍ട്ട് കൂടി ഉള്‍പ്പെടുത്തിയാണ് പ്രവാസികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സംഭവത്തിലുള്‍പ്പെട്ട പ്രവാസികളെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം നിന്നു, രാജ്യത്തെ നിയമങ്ങള്‍ പാലിച്ചില്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നിങ്ങനെ വിവിധ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. പിടിയിലായ പ്രവാസികളെ നാടുകടത്തും. 

Read More -  സൗദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് പ്രവാസികള്‍ മരിച്ചു

കഴിഞ്ഞ ദിവസം കുവൈത്തില്‍ സ്വദേശികള്‍ നടുറോഡില്‍ ഏറ്റുമുട്ടിയിരുന്നു. ജഹ്റ ഗവര്‍ണറേറ്റില്‍ നടന്ന അടിപിടിയില്‍ ഉള്‍പ്പെട്ട നിരവധി പേരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ പ്രതികളിലൊരാള്‍ പൊലീസ് പട്രോള്‍ വാഹനവുമായി കടന്നുകളഞ്ഞിരുന്നു. സാദ് അല്‍ അബ്ദുല്ല ഏരിയയിലാണ് സംഭവം ഉണ്ടായത്. കൂട്ടത്തല്ല് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് പട്രോള്‍ സംഘം ഉടനടി സ്ഥലത്തെത്തി. നിരവധി പേര്‍ ഉള്‍പ്പെട്ട അടിപിടിക്കിടെ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. പട്രോള്‍ വാഹനവുമായി കടന്നു കളഞ്ഞു. 

Read More - ടിക് ടോക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി; സഹോദരനെ പെണ്‍കുട്ടി കുത്തിക്കൊന്നു

തുടര്‍ന്ന് മറ്റ് പൊലീസ് പട്രോള്‍ വാഹനങ്ങള്‍ ഇയാളെ പിന്തുടര്‍ന്നു.  പ്രതി ഓടിച്ച പൊലീസ് വാഹനം വഴിയോരത്തെ വിളക്കുകാലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വാഹനത്തിന് കേടുപാടുകളgx ഉണ്ടായി. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. കൂട്ടത്തല്ലിലുള്‍പ്പെട്ട എല്ലാവരും പിടിയിലായി. കുവൈത്ത് സ്വദേശികളാണ് ഇവര്‍. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

click me!