ജിദ്ദ വിമാനത്താവളത്തിൽ പുതിയ മാറ്റം; ടെർമിനൽ 4 പ്രവർത്തനം ആരംഭിച്ചു; കേരള സർവീസുകൾ ഉൾപ്പെടെ പുതിയ ടെർമിനലിലേക്ക്

Published : Sep 29, 2026, 10:33 AM IST
jeddah airport terminal 4

Synopsis

ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ 4 പ്രവർത്തനം ആരംഭിച്ചു. കേരള സർവീസുകൾ ഉൾപ്പെടെ പുതിയ ടെർമിനലിലേക്ക്. കേരളത്തിലേക്കുള്ളവ ഉൾപ്പെടെ വിവിധ വിമാന സർവീസുകൾ ഇനി മുതൽ ഇവിടെ നിന്നായിരിക്കും പ്രവർത്തിക്കുക. പ്രതിവർഷം 1.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് പുതിയ ടെർമിനൽ.

ജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയതായി നിർമിച്ച നാലാം നമ്പർ ടെർമിനലിന്റെ (ടെർമിനൽ 4) ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു. ഇതോടെ കേരളത്തിലേക്കുള്ളവ ഉൾപ്പെടെയുള്ള വിവിധ വിമാന സർവീസുകൾ ഇനി മുതൽ ഇവിടെ നിന്നായിരിക്കും പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ വിസ് എയർ, എ ജെറ്റ്, സലാം എയർ, ഫ്ലൈ ജിന്ന, നെസ്മ എയർ എന്നീ അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങളാണ് പുതിയ ടെർമിനലിലേക്ക് മാറ്റിയത്.

ചൊവ്വാഴ്ച (സെപ്റ്റംബർ 29) മുതൽ ആകാശ എയറിന്റെ ഹജ്ജ്-ഉംറ ടെർമിനൽ കോംപ്ലക്സിൽ നിന്നുള്ള സർവീസുകളും ടെർമിനൽ 4-ലേക്ക് മാറും. നോർത്തേൺ ടെർമിനലിൽ നിലവിൽ സർവീസ് നടത്തുന്ന മുഴുവൻ വിദേശ വിമാനക്കമ്പനികളെയും, ടെർമിനൽ 1, ഹജ്ജ്-ഉംറ ടെർമിനൽ കോംപ്ലക്സ് എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത മറ്റ് വിമാന സർവീസുകളെയും വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി പുതിയ ടെർമിനലിലേക്ക് മാറ്റുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. അടുത്ത ആഴ്ചയിലും ഈ പുനഃക്രമീകരണം തുടർന്നുപോകും.

ടെർമിനലുകൾക്കിടയിലെ വിമാന സർവീസുകൾ കൂടുതൽ കാര്യക്ഷമമായി പുനഃക്രമീകരിക്കാനും, യാത്രക്കാരുടെ തിരക്ക് നിയന്ത്രിച്ച് ചെക്ക്-ഇൻ നടപടികൾ വേഗത്തിലാക്കാനും ഈ പരിഷ്കാരം ഉപകരിക്കും. 97,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനൽ 4-ന് പ്രതിവർഷം 1.5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഇവിടെ ഹജ്ജ്, ഉംറ തീർഥാടകരുടെ ഗ്രൂപ്പ് ചെക്ക്-ഇൻ നടപടികൾക്കായി പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

2025-ൽ 5.34 കോടി യാത്രക്കാരെ സ്വീകരിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന യാത്രാനിരക്ക് രേഖപ്പെടുത്തിയതിനെ തുടർന്നാണ് വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടെർമിനൽ 4 തുറന്നത്. സൗദി വിഷൻ 2030-ന്റെ ഭാഗമായി 2030-ഓടെ പ്രതിവർഷം ഒമ്പത് കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് ജിദ്ദ വിമാനത്താവളം ലക്ഷ്യമിടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

20 ലക്ഷം ബാരൽ എണ്ണയുമായി കപ്പൽ ഹോർമുസിൽ മുങ്ങിയതായി റിപ്പോർട്ട്, മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് ഇറാൻ
കുവൈത്തിൽ ബാങ്ക് രേഖകൾ വ്യാജമായി തയ്യാറാക്കി തട്ടിപ്പ്; പ്രവാസികൾ ഉൾപ്പടെ 10 പേർക്ക് മൂന്ന് വർഷം തടവുശിക്ഷ