
ദുബായ് : വാലന്റൈൻസ് ദിനം പ്രമാണിച്ച് യുഎഇയിലെ പൂക്കടകളിലും ചോക്ലേറ്റ് ഷോപ്പുകളിലും വൻ തിരക്ക്. പ്രീയപ്പെട്ടവർക്ക് സമ്മാനം നൽകാനായി പൂക്കളും ചോക്ലേറ്റുകളും വാങ്ങാൻ വിപണിയിൽ നിരവധി പേരാണ് എത്തുന്നത്. മിക്ക പൂക്കടകളിലും കാഴ്ചയിൽ അമ്പരപ്പിക്കും വിധത്തിലുള്ള പൂക്കൾ കൊണ്ടുള്ള സൃഷ്ടികളാണ് ഒരുക്കിയിരിക്കുന്നത്. യുഎഇയിലെ അൽ ഖോസിൽ പുതുതായി ആരംഭിച്ച ഒരു പൂക്കടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫ്ലവർ വർക്ക് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. തറ മുതൽ മേൽക്കൂര വരെ തട്ടിനിൽക്കും വിധത്തിലാണ് ഇതിന്റെ വലിപ്പം. പ്രത്യേകയിനം റോസാപ്പൂക്കൾ ഉപയോഗിച്ചിരിക്കുന്ന ഈ നിർമിതിയുടെ വില 40,000 ദിർഹമാണ്. പല വലിപ്പത്തിൽ വിരിഞ്ഞതും മൊട്ടുകളുമായ റോസാപ്പൂക്കൾ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ശരിയായ രീതിയിൽ വെള്ളം തളിച്ചാൽ ഏകദേശം 7 മുതൽ 12 ദിവസങ്ങൾ വരെയും പൂക്കൾ നിലനിൽക്കും. അർമേനിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ എത്തിച്ചതെന്ന് ഈ കടയിലെ ജീവനക്കാരൻ പറയുന്നു. റോസാപ്പൂക്കൾ കൂടാതെ തുലിപ്, പിയോണി എന്നിവയും വിൽപ്പനക്ക് വെച്ചിട്ടുണ്ട്.
read more : യാത്ര സമയം 10 മിനിട്ട് കുറഞ്ഞു, അധിക പാർക്കിങ് സ്ഥലങ്ങൾ ; ജുമൈറയിൽ റോഡ് നവീകരണം പൂർത്തിയായി
വാലന്റൈൻസ് ദിനം പ്രമാണിച്ച് പൂക്കടകളെ കൂടാതെ വിവിധ ചോക്ലേറ്റ് ഷോപ്പുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വില കൂടിയ ചോക്കലേറ്റുകൾ ഉപയോഗിച്ചുള്ള സമ്മാനപ്പൊതികളും വിപണിയിൽ ലഭ്യമാണ്. വോക്ക ചോക്കലേറ്റുകൾ ഉപയോഗിച്ചുള്ള സമ്മാനപ്പെട്ടികളാണ് ഇതിൽ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. കേക്കും പൂക്കളും ഒരുമിച്ചുള്ള ഹാമ്പറുകൾക്കാണ് ഇത്തവണ ആവശ്യം കൂടുതലെന്നും മറ്റ് സമയങ്ങളിലേതിനേക്കാൾ വാലന്റൈൻസ് ദിനങ്ങളിൽ കച്ചവടം കൂടുതൽ നടക്കുമെന്നും വിപണിയിലുള്ളവർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ