യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്; പ്രധാന റോഡുകളില്‍ നിയന്ത്രണം

By Web TeamFirst Published Jan 20, 2021, 8:46 AM IST
Highlights

അബുദാബി-ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അല്‍ സമീഹ് - ദുബൈ മക്തൂം ബിന്‍ റാഷിദ് റോഡ്, അബുദാബി - അല്‍ ഐന്‍ റോഡ്, അല്‍ ഫയാഹ് റോഡ് (ട്രക്ക് റോഡ്), അബുദാബി - സ്വൈഹാന്‍ റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ പരമാവധി 80 കിലോമീറ്ററാണ് വേഗപരിധി.

അബുദാബി: ചൊവ്വാഴ്‍ച രാത്രിയോടെ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും കനത്തമൂടല്‍ മഞ്ഞ് രൂപപ്പെട്ടു. ഇതോടെ ചില പ്രധാന റോഡുകളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് അധികൃതര്‍ അറിയിപ്പുകള്‍ പുറപ്പെടുവിച്ചു.

അബുദാബി-ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അല്‍ സമീഹ് - ദുബൈ മക്തൂം ബിന്‍ റാഷിദ് റോഡ്, അബുദാബി - അല്‍ ഐന്‍ റോഡ്, അല്‍ ഫയാഹ് റോഡ് (ട്രക്ക് റോഡ്), അബുദാബി - സ്വൈഹാന്‍ റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ പരമാവധി 80 കിലോമീറ്ററാണ് വേഗപരിധി.

റോഡുകളിലെ സ്‍മാര്‍ട്ട് ഇന്‍ഫര്‍മേന്‍ ബോര്‍ഡുകള്‍ വഴി നല്‍കുന്ന സന്ദേശങ്ങള്‍ പാലിക്കണമെന്ന് അബുദാബി പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്‍ച വൈകുന്നേരം യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 12 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബുധനാഴ്‍ച രാവിലെയോടെ ഈ നിര്‍ദേശം പ്രധാനമായും അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ പ്രദേശങ്ങളിലേക്കാണെന്ന് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു.

മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും കഴിഞ്ഞ ദിവസം മുതല്‍ അബുദാബി പൊലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് ഹെവി വാഹനങ്ങള്‍ ഓടിച്ചാല്‍ 400 ദിര്‍ഹം പിഴയും നാല് ട്രാഫിക് ബ്ലാക് പോയിന്റുകളും ലഭിക്കും. റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.

click me!