കൊവിഡ്: സൗദിയിൽ 36 പുതിയ രോഗികൾ; രണ്ടുപേർ സുഖം പ്രാപിച്ചു

By Web TeamFirst Published Mar 20, 2020, 12:15 PM IST
Highlights
  • സൗദി അറേബ്യയിൽ പുതുതായി 36 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
  • ഇന്ത്യ, മൊറോെക്കാ, സ്പെയിൻ,  ഇറാൻ, ബ്രിട്ടൻ, പാകിസ്താൻ, കുവൈത്ത്, ഇറാഖ്, അമേരിക്ക, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ് പുതിയ 36 കേസിൽ 17 പേർ.

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 36 പേർക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികൾ 274 ആയി. ഇന്ത്യ, മൊറോെക്കാ, സ്പെയിൻ,  ഇറാൻ, ബ്രിട്ടൻ, പാകിസ്താൻ, കുവൈത്ത്, ഇറാഖ്, അമേരിക്ക, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ് പുതിയ 36 കേസിൽ 17 പേർ. ബാക്കി ഇവിടെ  നേരത്തെയുള്ളവരുമായി സമ്പർക്കം പുലർത്തിയവരാണ്.

റിയാദിൽ 21, ഖത്വീഫിൽ നാല്, മക്കയിൽ മൂന്ന്, ദമ്മാമിൽ മൂന്ന്, ഹുഫൂഫിൽ രണ്ട്, ജിദ്ദ, ദഹ്റാൻ, മഹായിൽ  എന്നിവിടങ്ങളിൽ ഓരോന്ന് വീതം എന്നിങ്ങനെയാണ് പുതുതായി സ്ഥിരീകരിച്ച രോഗികളുടെ കണക്ക്. വ്യാഴാഴ്ച രണ്ടുപേർ കൂടി രോഗമുക്തരായതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം എട്ടായി. ചികിത്സയിലുള്ള 266 പേരിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. രാജ്യത്ത് ഇതുവരെ 14,000 പേരുടെ സ്രവ  സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 9,500 പേരെ 14 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്തു. രോഗം സ്ഥിരീകരിച്ച 274ൽ ഭൂരിപക്ഷം പേരും വിദേശത്ത് നിന്ന് വന്നവരാണ്.  

ഉയർന്ന തോതിൽ വൈറസ് വ്യാപനമുണ്ടായ രാജ്യങ്ങളിൽ നിന്നാണ് ഇവരിൽ അധികവും എത്തിയത്. 54 പേർക്ക് രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പകർന്നത്. രോഗബാധിതരിൽ ഭൂരിപക്ഷവും ഉദ്ദേശം 45 വയസിനടുത്ത് പ്രായമുള്ളവരാണ്. ആറ് കുട്ടികളുമുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!