
റിയാദ്: കൊവിഡ് 19 വ്യാപനത്തിന്‍റെ വരാനിരിക്കുന്ന ഘട്ടം അതീവ ദുഷ്കരമായിരിക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. മഹാമാരി പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെയും ജനങ്ങളെയും വ്യാഴാഴ്ച രാത്രിയിൽ അഭിസംബോധന ചെയ്യുകയായിരുന്നു രാജാവ്. ലോകം മുഴുവൻ കടന്നുപോകുന്ന പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സൗദി അറേബ്യയും കടന്നുപോകുന്നത്. ഈ മഹാമാരിയുടെ ദ്രുതഗതിയിലുള്ള വ്യാപനത്തെ ആഗോളതലത്തിൽ നേരിടുന്ന അടുത്ത ഘട്ടം കൂടുതൽ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കുമെന്നും പ്രതിസന്ധികളെ ദൈവ വിശ്വാസത്താലും അവനിൽ ഭാരമേൽപ്പിച്ചും നേരിടണമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.
മനുഷ്യന്‍റെ ആരോഗ്യ സംരക്ഷണത്തിനും നല്ല ജീവിതത്തിനും സാധ്യമായതെല്ലാം നാം ചെയ്തിരിക്കുന്നു. ദൈവം നമ്മെ രക്ഷിക്കുകയും കൂടുതൽ അനുഗ്രഹിക്കുകയും ചെയ്യുമാറാകെട്ടയെന്ന് പ്രാർത്ഥിക്കുകയാണെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു. വൈറസ് വ്യാപനം തടയാൻ രാജ്യത്ത് ശക്തമായ കരുതൽ നടപടികൾ തുടരുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ബാധ്യത ഭരണകൂടത്തിനാണ്. അതറിഞ്ഞ് തന്നെ പരിഹാര മാർഗങ്ങൾ അവലംബിക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. 'എന്‍റെ ആൺ, പെൺമക്കളെ, രാജ്യത്തെ പൗരന്മാരും താമസക്കാരുമായവരെ, കൊവിഡ് 19 എന്ന മഹാമാരിയാൽ ലോകമിന്ന് വലിയ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ ദൈവം നിങ്ങളെയും ലോകത്തെയും മഹാനാശത്തിൽ സംരക്ഷിക്കെട്ടെ’ എന്ന ആമുഖത്തോടെയാണ് രാജാവ് അഭിസംബോധന ആരംഭിച്ചത്.
ലോക ചരിത്രത്തിലെ പ്രയാസകരമായ ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ‘തീർച്ചയായും പ്രയാസത്തോടൊപ്പമാണ് എളുപ്പം’ എന്ന ദൈവത്തിെൻറ വചനത്തിൽ വിശ്വാസമർപ്പിച്ച് നാം അതിന്‍റെ കാഠിന്യവും കയ്പും ബുദ്ധിമുട്ടും മറികടക്കാൻ പോകുന്ന ഘട്ടത്തിലാണെന്ന് മനസ്സിലാക്കണം. സ്ഥിരചിത്തതയോടെ അഭിമുഖീകരിച്ച, മനുഷ്യരാശി നേരിട്ട പ്രയാസങ്ങളിലൊന്നായി ഈ വിപത്ത് ചരിത്രത്തിൽ രേഖപ്പെടുത്തും. നിങ്ങളുടെ രാജ്യമായ സൗദി അറേബ്യ ദൈവസഹായത്താലും സാധ്യമായ എല്ലാ കഴിവുകളാലും ഈ മഹാമാരിയെ നേരിടാനും അതിെൻറ ദുഷ്യഫലങ്ങൾ ഇല്ലാതാക്കാനുമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചുവരികയാണ്. അതിനെ നേരിടാനുള്ള നിങ്ങളുടെയെല്ലാവരുടെയും ദൃഢനിശ്ചയം മുൻപന്തിയിലുണ്ട്. പ്രയാസകരമായ ഘട്ടങ്ങളെ നേരിടാൻ നിങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്ന കരുത്തും ധൈര്യവും മാന്യമായ ഇടപെടലുകളും ബന്ധപ്പെട്ട വകുപ്പുകളോടുള്ള സമ്പൂർണ സഹകരണവും രാജ്യം നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ വിജയത്തിന്‍റെ പ്രധാന തൂണുകളാണ്.
രാജ്യത്തെ പൗരനും താമസക്കാര്‍ക്കും ആവശ്യമായ മരുന്ന്, ഭക്ഷണം, ജീവിതാവശ്യങ്ങൾ എന്നിവ നൽകാൻ അതീവ ശ്രദ്ധയും താൽപര്യവുമുണ്ടാകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. എല്ലാ സർക്കാർ വകുപ്പുകളും ആരോഗ്യ മന്ത്രാലയവും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും രാജാവ് പറഞ്ഞു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ