സൗദിയിൽ പ്രതിദിനം 1468 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു

By Web TeamFirst Published Oct 24, 2019, 7:49 PM IST
Highlights

സ്വദേശിവത്കരണ നടപടികൾ ഉയർന്ന തോതിൽ ഫലം കാണുന്നു. സ്വകാര്യ കമ്പനിയിൽ ജോലിക്ക് ചേർന്ന സൗദി യുവതീയുവാക്കളുടെ എണ്ണം 44,814 ആയി ഉയർന്നു. അതായത് പ്രതിദിനം 492 പേർ

റിയാദ്: സ്വദേശിവത്കരണം മൂലം സൗദി അറേബ്യയിൽ വിദേശികൾക്ക് വലിയ തോതിൽ തൊഴിൽ നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. പ്രതിദിനം 1,468 വിദേശ തൊഴിലാളികൾക്ക് ജോലിയില്ലാതാകുമ്പോൾ 492 സൗദി യുവതിയുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. നാഷണല്‍ ലേബര്‍ ഒബ്സര്‍വേറ്ററി (NLO.Sa) ഏജന്‍സിയുടെ തയാറാക്കിയ 2019 രണ്ടാം പാദ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.

സ്വദേശിവത്കരണ നടപടികൾ ഉയർന്ന തോതിൽ ഫലം കാണുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. ഈ വർഷം രണ്ടാമത്തെ മൂന്നുമാസ കാലയളവിൽ സ്വകാര്യ കമ്പനിയിൽ ജോലിക്ക് ചേർന്ന സൗദി യുവതീയുവാക്കളുടെ എണ്ണം 44,814 ആയി ഉയർന്നു. അതായത് പ്രതിദിനം 492 പേർ. അതേസമയം തൊഴിൽ നഷ്ടപ്പെട്ടവരും രാജ്യം വിട്ടവരുമായ വിദേശികളുടെ എണ്ണം 133,652 ആണ്. പ്രതിദിനം 1,468 പേർ. സ്വദേശിവത്കരണം നടപ്പായ ശേഷമുള്ള റെക്കോർഡ് കണക്കാണിത്.

കടകളിലും ഫാക്ടറികളിലും നടപ്പാക്കിയ വനിതാവത്കരണ നടപടിയും വലിയ വിജയം നേടിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. സ്വദേശി വനിതകളിൽ 5,043 പേർക്ക് കടകളിലും 2,650 പേർക്ക് ഫാക്ടറികളിലും ഈ കാലയളവിൽ ജോലി കിട്ടി. തൊഴിൽ രംഗത്തെ സ്ത്രീ ശാക്തീകരണത്തെ സഹായിക്കാൻ സർക്കാർ ആവിഷ്കരിച്ച ‘വുസൂൽ’ എന്ന പദ്ധതിയുടെ പ്രയോജനം 11,611 സ്വദേശി സ്ത്രീകൾക്ക് ലഭിച്ചു. വീട്ടിൽ ജോലി സ്ഥലത്തേക്കും തിരിച്ചും പ്രതിമാസം 800 റിയാലിൽ കുറഞ്ഞ ചെലവിലും പൂർണമായ സുരക്ഷിതത്വത്തിലും ഒരുക്കുന്ന ഗതാഗത സൗകര്യമാണ് വുസൂൽ.

തദ്ദേശീയരായ ചെറുകിട സംരംഭകരെ സഹായിക്കാൻ ആവിഷ്കരിച്ച പദ്ധതിയുടെ ഗുണം പുരുഷന്മാരും സ്ത്രീകളുമായ 3,152 ആളുകൾക്ക് ലഭിച്ചു. സ്വയം തൊഴിൽ സംരംഭങ്ങൾക്ക് അതിെൻറ പ്രാരംഭകാലത്തെ അരിഷ്ടതകൾ നേരിടാനും അത് നടത്തുന്നവരുടെയും കുടുംബത്തിെൻറയും നിത്യനിദാന ചെലവുകൾ നത്താനും ആവശ്യമായ മുഴുവൻ സഹായവും സർക്കാർ തലത്തിൽ ലഭിക്കുന്നതാണ് ഈ പദ്ധതി. സ്വദേശിവത്കരണം ശക്തിപ്പെടുത്താനും തൊഴിൽ വിപണിയുടെ നിയന്ത്രണത്തിനും ആവശ്യമായ തന്ത്രപ്രധാന വിവരങ്ങൾ ശേഖരിക്കാനും പ്രവണതകൾ പഠിക്കാനും വേണ്ടി രൂപവത്കരിച്ച നാഷണല്‍ ലേബര്‍ ഒബ്സര്‍വേറ്ററി പോർട്ടലായ NLO.Sa ഈ വർഷം ജനുവരി 31നാണ് പ്രവർത്തനം തുടങ്ങിയത്.

click me!