കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസിൽ പ്രവാസി ഉൾപ്പടെ മൂന്നുപേർക്ക് 18 വർഷം തടവുശിക്ഷ

By Web TeamFirst Published Dec 1, 2022, 11:01 PM IST
Highlights

വെളുപ്പിച്ച  കള്ളപ്പണത്തിനും, പണംവെളുപ്പിക്കല്‍ ഇടപാടുകളിലൂടെ സമ്പാദിച്ച തുകക്കും തുല്യമായ തുക പ്രതികളില്‍ നിന്ന് കണ്ടുകെട്ടാനും വിധിയുണ്ട്. 

റിയാദ്: സൗദി അറേബ്യയിൽ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ വിദേശിയുൾപ്പടെ മൂന്നു പേരെ കോടതി 18 വര്‍ഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. രണ്ടു സൗദി പൗരന്മാരെയും ഒരു അറബ് വംശജനെയുമാണ് കോടതി ശിക്ഷിച്ചത്. ഇവര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. 

വെളുപ്പിച്ച  കള്ളപ്പണത്തിനും, പണംവെളുപ്പിക്കല്‍ ഇടപാടുകളിലൂടെ സമ്പാദിച്ച തുകക്കും തുല്യമായ തുക പ്രതികളില്‍ നിന്ന് കണ്ടുകെട്ടാനും വിധിയുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശിയെ സൗദിയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. സൗദി പൗരന്മാര്‍ വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ നേടുകയും പിന്നീട് ഈ സ്ഥാപനങ്ങളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും ഇവ കൈകാര്യം ചെയ്യാന്‍ വിദേശിയെ അനുവദിക്കുകയുമായിരുന്നു. 

പ്രതികളുടെയും ഇവരുടെ പേരിലുള്ള വ്യാപാര സ്ഥാപനങ്ങളുടെയും അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്ന് ഈ അക്കൗണ്ടുകളില്‍ വിദേശി വന്‍തുക ഡെപ്പോസിറ്റ് ചെയ്ത് വിദേശങ്ങളിലേക്ക് അയച്ചതായി കണ്ടെത്തി. നിയമവിരുദ്ധ ഉറവിടങ്ങളില്‍ നിന്നുള്ള പണമാണ് വിദേശി ഇങ്ങിനെ വിദേശ രാജ്യങ്ങളിലേക്ക് അയച്ചതെന്നും അന്വേഷണങ്ങളില്‍ വ്യക്തമായി. അന്വേഷണം പൂര്‍ത്തിയാക്കിയ പബ്ലിക് പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും തെളിവുകള്‍ ഹാജരാക്കുകയുമായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

Read also: സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ടാങ്കറില്‍ തീപിടിച്ചു; ആറ് വാഹനങ്ങള്‍ക്ക് നാശനഷ്ടം

click me!