
ഫുജൈറ: ഫുജൈറയിലെ ബീച്ചില്‍ വെച്ച് അമ്മയെയും രണ്ട് മക്കളെയും പട്ടി കടിച്ച സംഭവത്തില്‍ നായയുടെ ഉടമകളായ മൂന്ന് യുവതികള്‍ അറസ്റ്റില്‍. ശനിയാഴ്ചയായിരുന്നു സംഭവം. നാല് മക്കള്‍ക്കുനൊപ്പം ബീച്ചിലെത്തിയ വീട്ടമ്മയ്‍ക്കും മക്കള്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതനുസരിച്ചാണ് ഫുജൈറ് പൊലീസ് അന്വേഷണം നടത്തിയത്. നാദിയ അഹ്‍മദ് എന്ന വീട്ടമ്മയും അവരുടെ മക്കളായ അയ (11), ഇരട്ടകളായ അലി, ഫത്തിമ (6), അബ്‍ദുല്‍ അസീസ് (1) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരിയും കൂടിയാണ് ബീച്ചിലെത്തിയത്. വൈകുന്നേരം 4.40 ഓടെ ഒരു നായയുമായി മൂന്ന് യുവതികളും ഇവിടെയെത്തി. ഇവര്‍ നായയോടൊപ്പം നടക്കുകയായിരുന്നു. ഇതിനിടെയാണ് നായ പൊടുന്നനെ കുട്ടികളെ ആക്രമിച്ചത്.
11 വയസുകാരി അയയുടെ തുടയില്‍ ആദ്യം കടിയേറ്റു. പിന്നീട് ആറ് വയസുകാരന്‍ അലിയ്ക്കും കടിയേറ്റു. ഈ സമയം കാറിന് സമീപം നില്‍ക്കുകയായിരുന്ന നാദിയ കുട്ടികളെ രക്ഷിക്കാനായി ഓടിയെത്തി. നായയുടെ പിടിയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ മല്‍പ്പിടുത്തം നടത്തേണ്ടി വന്നുവെന്ന് നാദിയ പറഞ്ഞു. ഇതിനിടെ നാദിയക്കും കടിയേറ്റു. ഒടുവില്‍ എല്ലാവരും ഓടി കാറില്‍ കയറി രക്ഷപെടുകയായിരുന്നു. ഇത്രയും ഭീകരമായ സംഭവം നടന്നിട്ടും പരിസരത്തുണ്ടായിരുന്ന ഒരാളും സഹായിച്ചില്ലെന്നും എല്ലാവരും സിനിമ കാണുന്ന ലാഘവത്തോടെ നോക്കി നില്‍ക്കുകയായിരുന്നുവെന്നും നാദിയ പറഞ്ഞു.
ഇവരുടെ ഒരു ബന്ധുവാണ് പിന്നീട് നാദിയയെയും കുട്ടികളെയും ഖോര്‍ഫക്കാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിന്ന് പൊലീസില്‍ വിവരം ലഭിച്ചതിന് പിന്നാലെ നായയുമായി ബീച്ചിലെത്തിയ മൂന്ന് യുവതികള്‍ക്കായി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്‍തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ