ഇസ്രയേലിനെ തുല്യരാജ്യമായി അംഗീകരിക്കുന്നുവെന്ന് ഒമാന്‍

By Web TeamFirst Published Oct 28, 2018, 1:47 PM IST
Highlights

ഇസ്രയേൽ ഫലസ്തീൻ പ്രശ്നപരിഹാരത്തിന്  മധ്യസ്ഥത വഹിക്കില്ലെങ്കിലും രമ്യതയിലെത്താൻ സഹായിക്കുമെന്നാണ്  ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി ബിന്‍ അബ്ദുല്ല പറഞ്ഞത്. 

ഒമാന്‍: മദ്ധ്യപൗരസ്ത്യ ദേശത്ത് തുല്യ ഉത്തരവാദിത്തങ്ങളുള്ള രാജ്യമായി ഇസ്രയേലിനെ അംഗീകരിക്കുന്നുവെന്ന് ഒമാന്‍.  മേഖലയിൽ അമ്പരപ്പ് പടർത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒമാൻ സന്ദർശിച്ചതിന്റെ തുടർച്ചയായാണ് പ്രസ്താവന.

ഇസ്രയേൽ ഫലസ്തീൻ പ്രശ്നപരിഹാരത്തിന്  മധ്യസ്ഥത വഹിക്കില്ലെങ്കിലും രമ്യതയിലെത്താൻ സഹായിക്കുമെന്നാണ്  ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി ബിന്‍ അബ്ദുല്ല പറഞ്ഞത്. മനാമയിൽ നടക്കുന്ന സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയില്‍ നിലനില്‍ക്കുന്ന ഒരുരാജ്യമാണ് ഇസ്രയേല്‍. മറ്റ് രാജ്യങ്ങള്‍ക്ക് തുല്യമായി ഇസ്രയേലിനെ അംഗീകരിക്കേണ്ട സമയമാണിത്. എന്നാല്‍ ആ വഴി എളുപ്പമാണെന്ന് തങ്ങള്‍ കരുതുന്നില്ല. പ്രശ്നങ്ങള്‍ പരിഹരിച്ച് ഒരു പുതിയ ലോകത്തിനായാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയും പ്രസിഡന്റ് ട്രംപും നടത്തുന്ന ശ്രമങ്ങള്‍ സഹായകമാവുമെന്നാണ് കരുതുന്നതെന്നും ഒമാന്‍ വ്യക്തമാക്കി.

പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ത്രിദിന ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയും രാജ്യത്തെത്തിയത്. ഇരു നേതാക്കളും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

click me!