സൗദി അറേബ്യയില്‍ ഇനി ഏഴ് നിയമലംഘനങ്ങൾ കൂടി ട്രാഫിക് ക്യാമറകള്‍ പിടികൂടും

By Web TeamFirst Published May 30, 2023, 4:44 PM IST
Highlights

ക്യാമറകള്‍ക്കൊപ്പം ട്രാഫിക് പോലീസും ഹൈവേ സുരക്ഷവിഭാഗവുമെല്ലാം പുതിയതായി ചേര്‍ത്ത നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനുണ്ടാകും. 

റിയാദ്: സൗദി അറേബ്യയില്‍ ഏഴ് വിഭാഗങ്ങളില്‍പെട്ട ട്രാഫിക് നിയമ ലംഘനങ്ങള്‍കൂടി അടുത്ത ഞായറാഴ്ച മുതല്‍ ക്യാമറകള്‍ വഴി ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്താന്‍ ആരംഭിക്കുമെന്ന് പൊതു സുരക്ഷാവിഭാഗം വക്താവ് ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. 

മഞ്ഞവരകള്‍ക്കപ്പുറമുള്ള റോഡിന്റെ പാര്‍ശ്വങ്ങളിലൂടെയും ഫുട്പാത്തുകളിലൂടെയും വാഹനമോടിക്കല്‍ നിരോധിച്ചിട്ടുള്ള ട്രാക്കുകളിലൂടെയും വാഹനമോടിക്കുക, രാത്രികാലങ്ങളിലും കാഴ്ച കുറക്കുന്ന കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്ന സന്ദര്‍ഭങ്ങളിലും ലൈറ്റുകള്‍ തെളിയിക്കാതിരിക്കുക,  ട്രക്കുകളും ഹെവിവാഹനങ്ങളും ഡബിള്‍ റോഡുകളില്‍ വലതു വശം ചേര്‍ന്നു പോകാതിരിക്കുക, പൊതുനിരത്തുകളില്‍ പാലിക്കേണ്ട നിയമങ്ങള്‍ പാലിക്കാതിരിക്കുക, കേടുവന്നതോ വ്യക്തമല്ലാത്തതോ ആയ നമ്പര്‍ പ്ലേറ്റുകളുമായി വാഹനമോടിക്കുക, പാര്‍ക്കിംഗ് അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, വാഹനങ്ങളുടെ ഭാരവും വലിപ്പവും പരിശോധിക്കുന്ന കേന്ദ്രങ്ങളില്‍ നിര്‍ത്താതിരിക്കുക തുടങ്ങിയവയും ഓട്ടോമാറ്റിക് ക്യാമറകള്‍ രേഖപ്പെടുത്തും. 

ക്യാമറകള്‍ക്കൊപ്പം ട്രാഫിക് പോലീസും ഹൈവേ സുരക്ഷവിഭാഗവുമെല്ലാം പുതിയതായി ചേര്‍ത്ത നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനുണ്ടാകും. സുരക്ഷിത വാഹനഗതാഗതം ഉറപ്പു വരുത്തുകയും വാഹനപകടങ്ങള്‍ കുറക്കുകയും നഗര പ്രദേശങ്ങളിലും പുറുത്തുമുള്ള പൊതുനിരത്തുകളിലെ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കുകയും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് ലെഫ്. ജനറല്‍  മുഹമ്മദ് അല്‍ബസ്സാമി കൂട്ടിച്ചേര്‍ത്തു.

Read also: തൊഴിൽ വിസക്ക് വിരലടയാളം നൽകണമെന്ന നിയമം താത്കാലികമായി മരവിപ്പിച്ചു
 

click me!