
കുവൈത്ത് സിറ്റി: കുവൈത്തിലെ ജയിലില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്‍തത് എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കാനെത്തി ഏതാനും മണിക്കൂറുകള്‍ക്കകമെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം ജയിലില്‍ ആത്മഹത്യ ചെയ്‍തത്. ഇതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ജയിലിലെത്തി ഇയാളുടെ സ്ഥിതിഗതികള്‍ അന്വേഷിച്ചിരുന്നു.
ജയിലില്‍ തന്റെ അടിവസ്‍ത്രവും ബെഡ്‍ഷീറ്റും ഉപയോഗിച്ചാണ് ഇയാള്‍ തൂങ്ങി മരിച്ചത്. ശരീരത്തില്‍ മറ്റ് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പ്രതി ആത്മഹത്യ ചെയ്‍ത വിവരം പ്രോസിക്യൂഷനെയും ഫോറന്‍സിക് വിഭാഗത്തെയും ജയില്‍ അധികൃതര്‍ അറിയിച്ചു. ആത്മഹത്യ സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തിലെ അര്‍ദിയയിലാണ് സ്വദേശിയെയും ഭാര്യയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുവൈത്ത് പൗരന്‍ അഹ്മദ് (80), ഭാര്യ ഖാലിദ (50), മകള്‍ അസ്മ (18) എന്നിവരായിരുന്നു മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തി രണ്ടു ദിവസത്തിനകം പ്രതി പിടിയിലാകുകയായിരുന്നു. സുലൈബിയയില്‍ നിന്നാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
സംഭവസ്ഥലത്തിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട ഖാലിദയുടെ സഹോദരനാണ് മൃതദേഹങ്ങള്‍ കണ്ടതും പൊലീസില്‍ വിവരമറിയിച്ചതും. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു. ഇതിന് ശേഷം തുടര്‍ നിയമനടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്‍തിരുന്നു.
കൊലപാതകം ലക്ഷ്യമിട്ടായിരുന്നു പ്രതി ഇരകളുടെ വീട്ടിലെത്തിയതെന്ന് പൊലീസിന് ബോധ്യമായിരുന്നു. മാറ്റി ധരിക്കാന്‍ വസ്ത്രവുമായാണ് ഇയാള്‍ വീട്ടിലെത്തിയത്. തിരിച്ചു പോയത് ഈ വസ്ത്രം ധരിച്ചുകൊണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഇയാള്‍ക്ക് ഈ വീട്ടിലുള്ളവരെ മുന്‍പരിചയമുണ്ടായിരുന്നു. ഇവിടെ നിന്ന് കൊണ്ടുപോയ സ്വര്‍ണം വിറ്റ ഇന്‍വോയ്‌സും 300 ദിനാറും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ