
മനാമ: മദ്യലഹരിയില്‍ താമസസ്ഥലത്തു വെച്ച് പരസ്‍പരം ഏറ്റുമുട്ടിയതിന് അറസ്റ്റിലായ പ്രവാസികളെ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. വെല്‍ഡറായി ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനും സ്‍കഫോള്‍ഡിങ് ജോലികള്‍ ചെയ്യുന്ന നേപ്പാള്‍ പൗരനുമാണ് പ്രതികള്‍. മുറിയില്‍ സ്വന്തം കട്ടിലില്‍ നിന്ന് മാറി കിടന്നതിനെച്ചൊല്ലിയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
പ്രതിയായ ഇന്ത്യക്കാരന്‍ കട്ടിലിന്റെ ഇരുമ്പ് ഗോവണി ഇളക്കിയെടുത്ത് നേപ്പാള്‍ സ്വദേശിയെ മര്‍ദിച്ച് അയാളുടെ കാല്‍ ഒടിച്ചുവെന്നാണ് പ്രധാന ആരോപണം. ഇയാളുടെ കാലിന് ഏഴ് ശതമാനം സ്ഥിര വൈകല്യം ഇതിലൂടെ സംഭവിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. നേപ്പാള്‍ പൗരന്‍ തിരിച്ചടിച്ചെങ്കിലും പരിക്കുകളൊന്നും ഏല്‍പ്പിച്ചിട്ടില്ല.
താമസ സ്ഥലത്ത് സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് മദ്യപിച്ചെന്നും തുടര്‍ന്ന് താന്‍ സുഹൃത്തിന്റെ ബെഡില്‍ കിടന്നുവെന്നും നേപ്പാള്‍ സ്വദേശിയുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ എല്ലാവരും അവരവരുടെ കട്ടിലില്‍ കിടന്നാല്‍ മതിയെന്ന് പറഞ്ഞ് സുഹൃത്ത് തന്നെ ആക്രമിച്ചെന്നും തന്റെ അമ്മയെ അപമാനിക്കുന്ന തരത്തിലുള്ള അസഭ്യം പറഞ്ഞുവെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് കട്ടിലിന്റെ ലോഹ ഗോവണി ഇളക്കിയെടുത്ത് തന്റെ തലയ്ക്കും കാലിനുമെല്ലാം അടിച്ചുവെന്നും താന്‍ ബോധരഹിതനായെന്നും ഇയാള്‍ ആരോപിച്ചു.
രണ്ട് പ്രതികള്‍ക്കും ഒപ്പം താമസിച്ചിരുന്ന പാകിസ്ഥാന്‍ പൗരനാണ് കേസിലെ പ്രധാന സാക്ഷി. അടിപിടി അതിന്റെ പരിധി വിട്ടപ്പോള്‍ താനാണ് ബില്‍ഡിങിലെ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചതെന്നും ഇയാള്‍ പറഞ്ഞു. നേപ്പാള്‍ പൗരന്‍ ഇന്ത്യക്കാരനെ മര്‍ദിക്കുന്നത് താന്‍ കണ്ടുവെന്നും ഇതിന് പകരമായാണ് അയാള്‍ ഗോവണി ഇളക്കിയെടുത്ത് കാലിലും തല്ക്കും അടിച്ചതെന്നും ഇയാളുടെ മൊഴിയില്‍ പറയുന്നു.
ആംബുലന്‍സ് എത്തിയാണ് നേപ്പാള്‍ പൗരനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളെ പിന്നീട് ശസ്ത്രക്രിയക്ക് വിധേയമാക്കുകകയും ചെയ്‍തു. പ്രാഥമിക വാദം കേട്ട ശേഷം കോടതി കേസ് അടുത്ത ഞായറാഴ്ചത്തേക്ക് മാറ്റിവെച്ചു.
Read also: സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന് ദുബൈ പൊലീസിന് കള്ളപരാതി നല്‍കിയ പ്രവാസി കുടുങ്ങി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ