Kuwait Refinery Fire: കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലയില്‍ തീപ്പിടുത്തം; രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

By Web TeamFirst Published Jan 15, 2022, 9:36 AM IST
Highlights

കുവൈത്തിലെ റിഫൈനറിയില്‍ വെള്ളിയാഴ്‍ച രാവിലെയുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് അടക്കമുള്ളവര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.

കുവൈത്ത് സിറ്റി: കുവൈത്തിലെ മിന അല്‍ അഹ്‍മദി എണ്ണ ശുദ്ധീകരണശാലയിലുണ്ടായ (Kuwait’s Mina al-Ahmadi refinery) തീപ്പിടുത്തത്തില്‍ രണ്ട് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. വെള്ളിയാഴ്‍ചയായിരുമന്നു അപകടമെന്ന് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി (Kuwait National Petroleum Company) അറിയിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ രണ്ട് ഇന്ത്യക്കാരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആദ്യം അല്‍ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അല്‍ ബാബ്‍തൈന്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. വലിയ പരിക്കുകളില്ലാത്ത രണ്ട് പേര്‍ കമ്പനിയുടെ ക്ലിനിക്കില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണെന്നും ഇവരുടെ ആരോഗ്യ നില തൃപ്‍തികരമാണെന്നും അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ പെട്രോളിയം മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസ്, കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.

മിന അല്‍ അല്‍അഹ്‍മദി എണ്ണ ശുദ്ധീകരണശാലയിലെ വാതക ദ്രവീകരണ യൂണിറ്റ് 32ല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ വെള്ളിയാഴ്‍ച രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. ഉടന്‍ തന്നെ അത്യാഹിത സാഹചര്യം നേരിടുന്നതിനുള്ള നടപടികള്‍  സ്വീകരിച്ചതായും അഗ്നിശമന സേനയെത്തി തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയതായും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അവകാശപ്പെട്ടു.

തീപ്പിടുത്തമുണ്ടായ യൂണിറ്റ് നിലവില്‍ ഉപയോഗിക്കാത്തതായിരുന്നതിനാല്‍ കമ്പനിയുടെ മറ്റ് പ്രവര്‍ത്തനങ്ങളെയോ എണ്ണ കയറ്റുമതിയെയോ തീപ്പിടുത്തം ബാധിച്ചിട്ടില്ല. പ്രതിദിനം 25,000 ബാരല്‍ എണ്ണ കൈകാര്യ ചെയ്യുന്നതിനായാണ് ഈ എണ്ണ ശുദ്ധീകരണ കേന്ദ്രം സ്ഥാപിച്ചിരുന്നത്. അടുത്തിടെ ഇവിടെ ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തി ശേഷി ഉയര്‍ത്തിയിരുന്നു. കുവൈത്തിന്റെ ആഭ്യന്തര വിപണയിലേക്കാണ് ഇവിടെ നിന്നുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ പ്രധാനമായും എത്തിച്ചേരുന്നത്. 

click me!