
ദുബൈ: സോഷ്യല്‍ മീഡിയയില്‍ (Social media) ശ്രദ്ധിക്കപ്പെടാനായി നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞ് വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ രണ്ട് വിദേശികള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി (Dubai Criminal Court) ശിക്ഷ വിധിച്ചു. ഇരുവര്‍ക്കും ആറ് മാസം ജയില്‍ ശിക്ഷയും രണ്ട് പേര്‍ക്കുമായി രണ്ട് ലക്ഷം ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. ധനികരെന്ന് തോന്നിപ്പിക്കാനായി വാഹനത്തില്‍ നിന്ന് ഇവര്‍ വലിച്ചെറിഞ്ഞത് വ്യാജ കറന്‍സികളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
2021 ജൂണിലായിരുന്നു സംഭവം. ദുബൈ മറീന ഏരിയയില്‍ ഒരു യൂറോപ്യന്‍ സ്വദേശിയുടെ ആഡംബര കാറില്‍ നിന്ന് നോട്ടുകെട്ടുകള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ട ഒരു സെക്യൂരിറ്റി ഗാര്‍ഡാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തില്‍ നിന്ന് ഒരാള്‍ നോട്ടുകെട്ടുകള്‍ വലിച്ചെറിയുന്നതും ഒരു വീഡിയോഗ്രാഫര്‍ ഇത് ചിത്രീകരിച്ചതും കണ്ടെത്തി. 50 ഡോളറിന്റെയും 100 ഡോളറിന്റെയും വ്യാജ ഓസ്‍ട്രേലിയന്‍ കറന്‍സിയാണ് ഇവര്‍ വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ചതെന്നും കണ്ടെത്തി.
ഒരു ഇവന്റ് ഫോട്ടോഗ്രഫി സ്ഥാപനത്തില്‍ ജോലി ചെയ്‍തിരുന്ന ഫോട്ടോഗ്രാഫറെ വീഡിയോ ചിത്രീകരിക്കാനായി യൂറോപ്യന്‍ സ്വദേശി വിളിച്ചുവരുത്തിയതാണെന്ന് ഇയാള്‍ മൊഴി നല്‍കി. ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഇയാള്‍ പൊലീസിന് കൈമാറുകയും ചെയ്‍തു. വീഡിയോ ചിത്രീകരിക്കാനായി 750 വ്യാജ നോട്ടുകള്‍ നിര്‍മിച്ചതായി യൂറോപ്യന്‍ സ്വദേശിയും പൊലീസിനോട് സമ്മതിച്ചു.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെയ്‍ക്കാനായി മാത്രമാണ് താന്‍ നോട്ടുകള്‍ ഉപയോഗിച്ചതെന്നും വ്യാജ കറന്‍സികള്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. വ്യാജ നോട്ടുകള്‍ അച്ചടിച്ചുകൊടുത്ത പ്രവാസിയെയും പൊലീസ് അറസ്റ്റ് ചെയ്‍തു. വാട്സ്ആപ് വഴി അയച്ചുകിട്ടിയ കറന്‍സിയുടെ കോപ്പികള്‍ നിര്‍മിച്ചുകൊടുക്കുകയായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. സാധാരണക്കാരനെ കബളിപ്പിക്കാന്‍ പര്യാപ്‍തമായവയായിരുന്നു ഈ വ്യാജ നോട്ടുകളെന്ന് ഫോറന്‍സിക് ലബോറട്ടറിയുടെ റിപ്പോര്‍ട്ടും വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam