മയക്കുമരുന്ന് കേസ്; സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ അറസ്റ്റില്‍

By Web TeamFirst Published Jan 4, 2020, 11:24 AM IST
Highlights

ദമ്മാമില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശികളാണ് പിടിയിലായത്. 23കാരനായ മലയാളി യുവാവ് മയക്കുമരുന്ന് വലിക്കാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ അന്വേഷിച്ചാണ് സൈഹാത്തിലെ ഒരു കടയിലെത്തിയത്. 

റിയാദ്: മയക്കുമരുന്ന് കൈവശം വെച്ചതിന് സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ അറസ്റ്റിലായി, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ശ്രീലങ്കന്‍ പൗരനും പിടിയിലായിട്ടുണ്ട്. മയക്കുമരുന്ന് ചുരുട്ടി വലിക്കാനായി ഉപയോഗിക്കുന്ന പേപ്പര്‍ അന്വേഷിച്ച് ഒരു ബാഖാലയിലെത്തിയ മലയാളിയെ രഹസ്യ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ദമ്മാമില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശികളാണ് പിടിയിലായത്. 23കാരനായ മലയാളി യുവാവ് മയക്കുമരുന്ന് വലിക്കാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ അന്വേഷിച്ചാണ് സൈഹാത്തിലെ ഒരു കടയിലെത്തിയത്. ഈ കടയില്‍ ഇത്തരം വസ്തുക്കള്‍ വില്‍പന നടത്തുന്നതായി നേരത്തെ മനസിലാക്കിയ രഹസ്യ പൊലീസ്,  കട നടത്തിയിരുന്ന സൗദി പൗരനെ ദിവസങ്ങള്‍ക്ക് മുന്‍പ് കസ്റ്റഡിയിലെടുത്തിരുന്നു. പേപ്പര്‍ വാങ്ങാനെത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാമെന്ന ഉപാധിയിലാണ് ഇയാളെ പിന്നീട് വിട്ടയച്ചത്.

കഴിഞ്ഞ ദിവസവും കടയ്ക്ക് സമീപം രഹസ്യ പൊലീസുകാര്‍ നിലയുറപ്പിച്ചിരുന്നു.  ഇതൊന്നുമറിയാതെ കടയിലെത്തി പേപ്പര്‍ അന്വേഷിച്ച മലയാളി യുവാവിനെ, പേപ്പര്‍ നല്‍കാമെന്ന് പറഞ്ഞ് കടയുടമ പൊലീസുകാരുടെ അടുത്ത് എത്തിച്ചു. ഇയാളുടെ കൈയില്‍ നിന്ന് കുറഞ്ഞ അളവില്‍ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. മയക്കുമരുന്ന് ഒരു സുഹൃത്താണ് നല്‍കിയതെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അല്‍ഖോബാറില്‍ നിന്ന് രണ്ടാമത്തെ മലയാളിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ രണ്ടാമത്തെ മലയാളിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്ന ശ്രീലങ്കന്‍ പൗരനിലേക്ക് പൊലീസ്  എത്തിയത്. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്ക് ഒരു സൗദി പൗരനാണ് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്നതെന്നാണ് ശ്രീലങ്കക്കാരന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സൗദി പൗരന്‍ പൊലീസിനെ വെട്ടിച്ച് രക്ഷപെടുകയായിരുന്നു. പിടിയിലായ മലയാളികളില്‍ ഒരാള്‍ സ്‍പോണ്‍സറുടെ ജാമ്യത്തില്‍ പിന്നീട് പുറത്തിറങ്ങി.

click me!