ഒമാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ രണ്ട് മലയാളികള്‍ക്ക് ജയം

By Web TeamFirst Published Jan 25, 2020, 11:28 PM IST
Highlights

409 വോട്ട് നേടിയ സിറാജുദീൻ നെഹ്‌ലത്തും 379 വോട്ട് നേടിയ അംബുജാക്ഷനുമാണ് വിജയിച്ച മലയാളികള്‍. 

മസ്‍കത്ത്: ഒമാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് അഞ്ചു പേര്‍ക്കുവേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് മലയാളികള്‍ക്ക് വിജയം. ആറ് മലയാളികളടക്കം 11 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. 409 വോട്ട് നേടിയ സിറാജുദീൻ നെഹ്‌ലത്തും 379 വോട്ട് നേടിയ അംബുജാക്ഷനുമാണ് വിജയിച്ച മലയാളികള്‍. 

സയിദ് സല്‍മാന്‍ (497),  ദേവ്‌സിംഗ് പാട്ടീല്‍ (480), ശിവകുമാർ മാണിക്യൻ (462) എന്നിവരാണ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ. 8354 വിദ്യാര്‍ഥികള്‍ അധ്യായനം നടത്തുന്ന മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ 5722 രക്ഷിതാക്കള്‍ക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്. അതില്‍ 3474 രക്ഷിതാക്കള്‍ വോട്ടു രേഖപെടുത്തി. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിന്റെ മള്‍ട്ടിപര്‍പ്പസ് ഹാളിലാണ് വോട്ടെടുപ്പ് നടന്നത്. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തികരിച്ചത്. 15 അംഗങ്ങളുള്ള ബോര്‍ഡിലേക്ക് അഞ്ച് അംഗങ്ങളെ മാത്രമാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്.

click me!