
ഷാർജ: ഷാർജയിൽ കനത്ത മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചു. ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ച സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഫോറൻസിക് ലാബിലേക്ക് മാറ്റിയതായി പൊലീസ് സ്ഥിരീകരിച്ചു. മരണപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കനത്ത മഴയ്ക്കും ഇടിമിന്നലിനും പിന്നാലെയായിരുന്നു അപകടം ഉണ്ടായത്.
അപകടം നടന്ന ഉടൻ തന്നെ വിവരം പൊലീസ് കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്ന് അധികൃതർ സ്ഥലത്തെത്തി ഉടനടി നടപടികൾ സ്വീകരിക്കുകയും ചെയ്തു. കനത്ത മഴയെയും ഇടിമിന്നലിനെയും തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സം നേരിട്ടിരുന്നു. നിലവിൽ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
മോശം കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുത ഉപകരണങ്ങൾക്കും ഇൻസ്റ്റലേഷനുകൾക്കും സമീപം നിൽക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു. വ്യവസായ മേഖലകളിൽ ജോലി ചെയ്യുന്നവരും താമസക്കാരും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. അപകടകരമായ സാഹചര്യങ്ങളോ സുരക്ഷിതമല്ലാത്ത വൈദ്യുത ലൈനുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam