
കുവൈത്ത് സിറ്റി: കുവൈത്തിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും മാരക മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനങ്ങളും അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പ്രത്യേക പരിശോധനയിൽ രണ്ട് പേർ അറസ്റ്റിലായി. ഒരു കുവൈത്ത് പൗരനും പൗരത്വമില്ലാത്ത അറബ് വംശജനായ ബെദൂനി യുവാവുമാണ് ലഹരിവസ്തുക്കളുമായി പിടിയിലായത്. ഇവരിൽ നിന്ന് 358 ലഹരിഗുളികകളും മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു.
മനുഷ്യക്കടത്തിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെയുള്ള പ്രത്യേക അന്വേഷണ വിഭാഗമാണ് പ്രതികളെ വലയിലാക്കിയത്. ലഹരിഗുളികകൾക്ക് പുറമേ ഇവ കൈമാറുന്നതിനും ഉപയോഗിക്കുന്നതിനുമായി സൂക്ഷിച്ചിരുന്ന പ്രത്യേക ഉപകരണങ്ങളും മൂർച്ചയേറിയ മാരകായുധങ്ങളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും മേൽനടപടികൾക്കായി ബന്ധപ്പെട്ട നിയമപാലകർക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്ന് കടത്ത്, വിതരണം, ഉപയോഗം എന്നിവയ്‌ക്കെതിരെ രാജ്യത്തുടനീളം വിട്ടുവീഴ്ചയില്ലാത്ത കർശനമായ സുരക്ഷാ ക്യാമ്പയിനുകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകളെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അത് ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam