Latest Videos

ഗള്‍ഫ് രാജ്യങ്ങളില്‍ ശരാശരി ശമ്പളം ഏറ്റവും കൂടുതല്‍ യുഎഇയില്‍; മറ്റ് രാജ്യങ്ങളിലെ ശമ്പളക്കണക്ക് ഇങ്ങനെ

By Web TeamFirst Published Aug 20, 2022, 6:21 PM IST
Highlights

സിഇഒ വേള്‍ഡ് പുറത്തുവിട്ട കണക്ക് പ്രകാരം യുഎഇയിലെ ശരാശരി പ്രതിമാസ ശമ്പളം 3663.27 ഡോളറാണ്. സ്വിറ്റ്സര്‍ലന്റ് ഒഴികെയുള്ള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളെക്കാളും സിംഗപ്പൂര്‍ ഒഴികെയുള്ള മറ്റെല്ലാ ഏഷ്യന്‍ രാജ്യങ്ങളെക്കാളും ഉയര്‍ന്ന പ്രതിമാസ ശമ്പളമാണിത്.

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ ശരാശരി ശമ്പളം കണക്കാക്കുമ്പോള്‍ യുഎഇ ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍ മാഗസിനായ സിഇഒ വേള്‍ഡ് അടുത്തിടെ പുറത്തിറക്കിയ കണക്കിലാണ് ഈ വിവരമുള്ളത്. അറബ് രാജ്യങ്ങളില്‍ തന്നെ ഏറ്റവുമധികം ശരാശരി ശമ്പളമുള്ളതും ആറ് ജി.സി.സി രാജ്യങ്ങളിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അറബ് ലോകത്ത് ശരാശരി ശമ്പള പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള യുഎഇ ആഗോള അടിസ്ഥാനത്തില്‍ അഞ്ചാം സ്ഥാനത്താണ്. ലോകത്ത് ഏറ്റവുമധികം ശരാശരി ശമ്പളം നല്‍കുന്ന ആദ്യത്തെ പത്ത് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഒരേയൊരു അറബ് രാജ്യവും യുഎഇ തന്നെയാണ്. സിഇഒ വേള്‍ഡ് പുറത്തുവിട്ട കണക്ക് പ്രകാരം യുഎഇയിലെ ശരാശരി പ്രതിമാസ ശമ്പളം 3663.27 ഡോളറാണ്. സ്വിറ്റ്സര്‍ലന്റ് ഒഴികെയുള്ള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളെക്കാളും സിംഗപ്പൂര്‍ ഒഴികെയുള്ള മറ്റെല്ലാ ഏഷ്യന്‍ രാജ്യങ്ങളെക്കാളും ഉയര്‍ന്ന പ്രതിമാസ ശമ്പളമാണിത്.

സിഇഒ വേള്‍ഡിന്റെ കണക്ക് പ്രകാരം അറബ് ലോകത്ത് രണ്ടാം സ്ഥാനത്ത് ഖത്തറാണ്. ആഗോള തലത്തില്‍ 11 ആണ് ഖത്തറിന്റെ സ്ഥാനം. റിപ്പോര്‍ട്ട് അനുസരിച്ച് 3168.05 ഡോളറാണ് ഖത്തറിലെ പ്രതിമാസ ശരാശരി ശമ്പളം. ഖത്തറിന് പിന്നില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനത്തുള്ളത് സൗദി അറേബ്യയാണ്. ആഗോള അടിസ്ഥാനത്തില്‍ കണക്കെടുക്കുമ്പോള്‍ 25-ാം സ്ഥാനത്തുള്ള സൗദി അറേബ്യയില്‍ പ്രതിമാസ ശരാശരി ശമ്പളം 1888.68 ഡോളറാണ്.

നാലാം സ്ഥാനത്തുള്ള കുവൈത്തില്‍ 1854.45 ഡോളറാണ് ശരാശരി ശമ്പളം. ആഗോള അടിസ്ഥാനത്തിലെ കണക്കില്‍ കുവൈത്ത് 26-ാം സ്ഥാനത്താണ്. പട്ടികയില്‍ അഞ്ചാം സ്ഥാനമുള്ള ബഹ്റൈനിലെ ശരാശരി ശമ്പളമാവട്ടെ 1728.74 ഡോളറും. കുവൈത്തിന് പിന്നില്‍ 28-ാമതാണ് ആഗോള അടിസ്ഥാനത്തില്‍ ബഹ്റൈനിന്റെ സ്ഥാനം. ജിസിസി രാജ്യങ്ങളിലെ പ്രതിമാസ ശരാശരി ശമ്പളം കണക്കാക്കുമ്പോള്‍ ആറാം സ്ഥാനത്ത് ഒമാനാണ്. 1626.64 ഡോളര്‍ പ്രതിമാസ ശരാശരി ശമ്പളമുള്ള ഒമാന്‍ പട്ടികയില്‍ ആഗോള അടിസ്ഥാനത്തില്‍ 30-ാം സ്ഥാനത്താണ്.

ആഗോള അടിസ്ഥാനത്തിലെ കണക്കില്‍ നൂറാം സ്ഥാനത്തുള്ള ഈജിപ്‍താണ് അറബ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് ശരാശരി ശമ്പളമുള്ള രാജ്യം. 219.73 ആണ് ബഹ്റൈനിലെ ശമ്പളം. അറബ് രാജ്യങ്ങളുടെ പട്ടികയില്‍ അല്‍ജീരിയ (98), തുനീഷ്യ (96) എന്നിവയാണ് ഈജിപ്തിന് തൊട്ട് മുകളിലുള്ള രാജ്യങ്ങള്‍.

സിഇഒ വേള്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം 6142.1 ഡോളര്‍ ശരാശരി ശമ്പളമുള്ള സ്വിറ്റ്സര്‍ലന്റാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. സിംഗപ്പൂര്‍, ഓസ്‍ട്രേലിയ, അമേരിക്ക, യുഎഇ, നോര്‍വെ, കാനഡ, ഡെന്മാര്‍ക്ക്, ഐസ്‍ലന്റ്, നെതര്‍ലന്റ്സ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍. 143.62 ഡോളര്‍ മാത്രം പ്രതിമാസ ശരാശരി ശമ്പളമുള്ള ശ്രീലങ്കലാണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ള രാജ്യം. തൊട്ടു മുന്നിലുള്ള പാകിസ്ഥാനില്‍ 163.17 ഡോളറാണ് ശമ്പളം (104-ാം സ്ഥാനം). ആഗോള അടിസ്ഥാനത്തില്‍ 55 ആണ് ഇന്ത്യയുടെ സ്ഥാനം. 718.38 ആണ് ഇന്ത്യയിലെ പ്രതിമാസ ശരാശരി ശമ്പളമായി സിഇഒ വേള്‍ഡ് കണക്കാക്കിയിരിക്കുന്നത്.

Read also: സുരക്ഷാ സൈനികരുടെ അകമ്പടിയില്ല; റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ച് ഫോട്ടോയെടുത്ത് സൗദി കിരീടാവകാശി

click me!