
അബുദാബി: യുഎഇയില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് വൈറസ് രോഗബാധ സ്ഥിരീകരിച്ചത്.
കൊറോണ വൈറസ് ബാധയേറ്റവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ഇവര്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശാസ്ത്രീയ മാനദണ്ഡങ്ങളും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരവുമുള്ള എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അറിയിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും കണ്ടെത്തുന്നതിനുമുള്ള പ്രത്യേക സംവിധാനങ്ങള്‍ 24 മണിക്കൂറും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലായി 6000ലധികം പേര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 132 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടത്. പുതുതായി 1459 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ചൈനയില്‍ രോഗം ബാധിച്ച 1,239 പേരുടെ നില ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കി.
ചൈനയിലെ വുഹാന് സമീപത്തെ ഹുബൈ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടത്. ഇതുവരെ 125 പേരാണ് ഹുബെയിൽ മാത്രം മരിച്ചത്. കൂടുതലും അറുപത് വയസ്സിന് മുകളിലുള്ളവരാണ് വൈറസ് ബാധമൂലം മരണപ്പെട്ടത്. അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരാവുന്ന രോഗമാണിതെന്ന് ചൈനീസ് മെഡിക്കൽ വിദഗ്ധർ പറയുന്നു. പത്ത് ദിവസം കൊണ്ട് വൈറസ് വ്യാപകമായി പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 10 മുതൽ 14 ദിവസം വരെയാണ് കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷണത്തിൽ വയ്ക്കുക. തുടർന്ന് രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കി രോഗം സ്ഥിരീകരിക്കും. മറ്റുള്ളവരെ പറഞ്ഞയക്കുകയും ചെയ്യുമെന്ന് ചൈനീസ് ആരോഗ്യ വിദഗ്ധനായ സോങ് നാൻഷാൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam