covid 19: യുഎഇയില്‍ കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

By Web TeamFirst Published Nov 10, 2021, 2:44 PM IST
Highlights

യുഎഇയിലെ പള്ളികളില്‍ സ്‍ത്രീകളുടെ നമസ്‍കാര സ്ഥലങ്ങള്‍ തുറക്കാന്‍ അനുമതി. ഒപ്പം പള്ളികളെ വാഷ്‍ റൂമുകളും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളും തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ (UAE) കൊവിഡ് രോഗികളുടെ എണ്ണം ആഴ്‍ചകളായി നൂറില്‍ താഴെ തന്നെ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ (relaxing covid restrictions) അനുവദിച്ചു. പള്ളികളിലെ (mosques) സംഘടിത പ്രാര്‍ത്ഥന സംബന്ധിച്ച നിബന്ധനകളിലാണ് കഴിഞ്ഞ ദിവസം പുതിയ ഇളവ് പ്രഖ്യാപിച്ചത്. ഇനി മുതല്‍ പള്ളികളിലെ സ്‍ത്രീകളുടെ പ്രാര്‍ത്ഥനാ സ്ഥലങ്ങളും തുറക്കും. ഒപ്പം അംഗശുദ്ധി വരുത്തുന്നതിനുള്ള  സ്ഥലങ്ങളും വാഷ്‍റൂമുകളും (ablution and washroom areas) തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ മുതല്‍ തന്നെ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് യുഎഇയിലെ പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും സ്‍ത്രീകളുടെ പ്രാര്‍ത്ഥനാ ഹാളുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞയാഴ്‍ച ഷാര്‍ജ എമിറേറ്റില്‍ സ്‍ത്രീകളുടെ പ്രാര്‍ത്ഥനാ ഹാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ അനുമതി രാജ്യം മുഴുവന്‍ പ്രാബല്യത്തിലാക്കികൊണ്ട് പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.

അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളിലും വാഷ്‍റൂമുകളുടെ പരിസരങ്ങളിലും കുറഞ്ഞത് ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. ഓരോ പ്രാര്‍ത്ഥനകള്‍ക്ക് ശേഷവും ഈ സ്ഥലങ്ങള്‍ അണുവിമുക്തമാക്കുകയും വേണം. കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലുള്ള ലഘുലേഖകള്‍ പള്ളികളില്‍ വിതരണം ചെയ്യും. 

പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഉടനെ തന്നെ പള്ളികള്‍ അടയ്ക്കുമെന്ന് നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റി ഔദ്യോഗിക വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി പറഞ്ഞു. ഇമാമുമാരും പള്ളികളിലെ ശുചീകരണ ജീവനക്കാരും നിര്‍ബന്ധമായും കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. ഇവര്‍ എല്ലാ 14 ദിവസത്തിലൊരിക്കലും കൊവിഡ് പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാവുകയും വേണം.

click me!