യുഎഇയില്‍ അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

By Web TeamFirst Published Nov 27, 2022, 10:47 PM IST
Highlights

യുഎഇ മന്ത്രിസഭയാണ് അവധി പ്രഖ്യാപിച്ചത്.

അബുദാബി: യുഎഇയില്‍ അടുത്ത വര്‍ഷം പൊതു-സ്വകാര്യ മേഖലകള്‍ക്ക് ലഭിക്കുന്ന അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇ മന്ത്രിസഭയാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് (പുതുവത്സരം), ഏപ്രില്‍ 20 മുതല്‍ 23 വരെ (ചെറിയ പെരുന്നാള്‍), ജൂണ്‍ 27 മുതല്‍ 30 വരെ (ബലിപെരുന്നാള്‍), ജൂലൈ 21 (ഹിജ്‌റ വര്‍ഷാരംഭം), സെപ്തംബര്‍ 29 (നബിദിനം) എന്നിവയാണ് അടുത്ത വര്‍ഷത്തെ അവധി ദിവസങ്ങള്‍. അതേസമയം ചന്ദ്രപ്പിറവി അനുസരിച്ച് ചില അവധി ദിവസങ്ങളിലും ആഘോഷ ദിവസങ്ങളിലും മാറ്റം വന്നേക്കാം. 

Read More -  വീട് വാടകയ്ക്ക് എടുത്ത് ചൂതാട്ടം നടത്തിയ പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

അതേസമയം യുഎഇ ദേശീയ ദിനവും സ്‍മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയെന്ന് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്ക് നേരത്തെ തന്നെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

Read More - യുഎഇയില്‍ ശമ്പളം കുറയ്ക്കുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

പൊതുമേഖലാ സ്ഥാപനങ്ങളുടേതിന് സമാനമായി യുഎഇയിലെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാരാന്ത്യ അവധി ഞായറാഴ്ചയാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പെടെ നാല് ദിവസത്തെ അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബര്‍ അഞ്ചിനായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞിരുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയവരുടെ ത്യാഗങ്ങള്‍ അനുസ്‍മരിക്കുന്നതിനായി എല്ലാ വര്‍ഷവും നവംബര്‍ 30നാണ് യുഎഇയില്‍ സ്‍മരണ ദിനം ആചരിക്കുന്നത്. എന്നാല്‍ ദേശീയ ദിനത്തിന്റെ അവധിക്കൊപ്പം സ്‍മരണ ദിനത്തിന്റെയും അവധി ഉള്‍പ്പെടുത്തിയാണ് ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ അവധി നല്‍കുന്നത്.

click me!