യുഎഇയ്ക്ക് അഭിമാന ദിനം; ഹസ്സ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി

By Web TeamFirst Published Sep 26, 2019, 12:52 PM IST
Highlights

യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇന്നലെ വൈകുന്നേരം 5.57ന് യാത്ര തിരിച്ച സോയുസ് എം.എസ് 15 പേടകം പ്രതീക്ഷിച്ചതിലും മൂന്ന് മിനിറ്റ് നേരത്തെ രാത്രി 11.44ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുകയായിരുന്നു.

അബുദാബി: ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രമെഴുതി യുഎഇ. ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശത്ത് കാലുകുത്തി. ഇന്നലെ രാത്രി പ്രാദേശിക സമയം 11.42നായിരുന്നു ആദ്യ ഇമറാത്തി ഗവേഷകന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചേര്‍ന്നത്. ഒക്ടോബര്‍ നാല് വരെ അദ്ദേഹം അവിടെ തുടരും.

കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‍മോഡ്രോമില്‍ നിന്ന് വൈകുന്നേരം 5.57 ഹസ്സ അല്‍ മന്‍സൂരി ഉള്‍പ്പെടെ മൂന്ന് യാത്രികരുമായി സോയുസ് എം.എസ് 15 പേടകം യാത്ര തിരിച്ചത്. റഷന്‍ കമാന്‍ഡര്‍ ഒലെഗ് സ്ക്രിപോഷ്ക, അമേരിക്കയില്‍ നിന്നുള്ള ജെസീക്ക മിര്‍ എന്നിവരാണ് ഹസ്സയ്ക്കൊപ്പമുള്ളത്. 6.17ന് ബഹിരാകാശത്തേക്ക് കടന്ന സോയുസ് പേടകം പ്രതീക്ഷിച്ചതിലും മൂന്ന് മിനിറ്റ് നേരത്തെ രാത്രി 11.44ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുകയായിരുന്നു.

വിശുദ്ധ ഖുര്‍ആന്‍, പട്ടുകൊണ്ടുള്ള യുഎഇ പതാക, യുഎഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്‍ അപ്പോളോ 17 യാത്രാ സംഘത്തിനൊപ്പം നില്‍ക്കുന്ന ചിത്രം, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആത്മകഥയായ 'ഖിസ്സത്തീ' എന്ന പുസ്തകം തുടങ്ങിയവയാണ് ഗവേഷണ സാമഗ്രികള്‍ക്കൊപ്പം ബഹിരാകാശത്തേക്ക് ഹസ്സ അല്‍ മന്‍സൂരി കൊണ്ടുപോയത്. അറേബ്യന്‍ ഭക്ഷ്യ വിഭവങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തിലുള്ളവര്‍ക്കായി അറേബ്യന്‍ വിരുന്നും ഒരുക്കും. 

click me!