
ഷാര്‍ജ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്‍ബുക്കിലൂടെ മതവിദ്വേഷം പരത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ക്ഷമ ചോദിച്ച് മലയാളി വ്യവസായി. ഷാര്‍ജ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും സിനിമാ സംവിധായകനുമായ സോഹന്‍ റോയുടെ ഫേസ്‍ബുക്ക് പോസ്റ്റാണ് വിവാദമായത്.
വിഡ്ഢി ജന്മം എന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിതയുടെ മുഖചിത്രമാണ് വ്യാപക പ്രതിഷേധനത്തിന് ഇടയാക്കിയത്. പള്ളിയില്‍ നിന്ന് പുറത്തുവരുന്ന മുസ്ലിം വേഷധാരികളുടെ ചിത്രമാണ് കവിതയ്ക്കായി ഉപയോഗിച്ചത്. മതനേതാവിന് പിന്നില്‍ കണ്ണു കെട്ടിയ അനുയായികളെയാണ് ഇതില്‍ ചിത്രീകരിച്ചിരുന്നത്. ഇതോടൊപ്പം നിസാമുദ്ദീന്,. കോവിഡ്, നിസാമുദ്ദീന്‍ കൊറോണ കേസ് തുടങ്ങിയ ഹാഷ്‍ടാഗുകളും പോസ്റ്റ് ചെയ്തിരുന്നു. മതഭാഷിയുടെ നിര്‍ദേശാനുസരണം അണുക്കള്‍ നാട്ടില്‍ പരത്തുന്നുവെന്നും കവിതയില്‍ കുറ്റപ്പെടുത്തി.
ഫേസ്‍ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു. തുടര്‍ന്നാണ് ഫേസ്‍ബുക്ക് വീഡിയോയിലൂടെ ക്ഷമാപണം നടത്തിയത്. തന്റെ ഗ്രാഫിക് ഡിസൈനറിന് പറ്റിയ പിഴവാണെന്നും ദുരുദ്ദേശപരമായിരുന്നെല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു. സംഭവിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അറിയാതെ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മതപ്രഭാഷകരെ കുറിച്ച് പറഞ്ഞത് മുസ്ലിംകളെ മാത്രമല്ലെന്നും ഹിന്ദു ക്ഷേത്രങ്ങളിലും ആളുകള്‍ കൂടിയിരുന്ന പരിപാടികള്‍ നടന്നതായും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ കൊവിഡിനെതിരായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തങ്ങളുടെ മുന്‍നിരയില്‍ തന്റെ സ്ഥാപനവുണ്ട്. കൊവിഡ് രോഗികളെ ക്വാറന്റൈന്‍ ചെയ്യാനായി തന്റെ വീട് വിട്ടുനല്‍കുകയും ആശുപത്രികള്‍ക്ക് വെന്റിലേറ്ററുകളും മാസ്കുകളും എത്തിക്കുകയും ചെയ്തു. കേരളത്തില്‍ ലോക് ഡൌണ്‍ കാലത്ത് നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചതായും അദ്ദേഹം ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.
മതവിദ്വേഷം പരത്തുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകളുടെ പേരില്‍ സമീപകാലത്ത് നിരവധി ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ നടപടികള്‍ നേരിടേണ്ടി വന്നിരുന്നു. ജോലി നഷ്ടമായതിന് പുറമെ ചിലരെ തുടര്‍നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam