അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ തകർത്ത് യുഎഇ; 2 ലക്ഷം കാപ്റ്റഗൺ ഗുളികകളും 30 കിലോയിലധികം ലഹരിമരുന്നും പിടിച്ചെടുത്തു, 20 പേർ പിടിയിൽ

Published : Nov 07, 2026, 12:30 PM IST
international drug ring

Synopsis

യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് ലക്ഷം കാപ്റ്റഗൺ ഗുളികകളും 30 കിലോ ലഹരിമരുന്നുകളും സുരക്ഷാ ഏജൻസികൾ പിടികൂടി. യുഎഇ-ഇറാഖ് സംയുക്ത ഓപ്പറേഷനിലൂടെ 20 അംഗ അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലയെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തുടനീളം ലഹരി വിതരണം ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി.

അബുദാബി: യുഎഇയിലേക്ക് രണ്ട് ലക്ഷം കാപ്റ്റഗൺ ഗുളികകളും 30 കിലോയിലധികം മറ്റ് നിരോധിത ലഹരിമരുന്നുകളും കടത്താനുള്ള ശ്രമം സുരക്ഷാ ഏജൻസികൾ തകർത്തു. യുഎഇ നാഷണൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റിയും റാസൽഖൈമ പൊലീസും ഇറാഖി ആഭ്യന്തര മന്ത്രാലയത്തിലെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റും ചേർന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷന്റെ സഹകരണത്തോടെയാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്.

ജിസിസി, അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 20 അംഗ അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലയെയാണ് സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. കാപ്റ്റഗൺ ഗുളികകൾക്ക് പുറമെ കൊക്കെയ്ൻ, ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹാഷിഷ്, സ്‌പൈസ് തുടങ്ങിയ വിവിധ തരത്തിലുള്ള ലഹരിവസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. റാസൽഖൈമയിലെ അതിർത്തി പ്രദേശം വഴി രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തി യു.എ.ഇയിൽ ഉടനീളം വിതരണം ചെയ്യാനായിരുന്നു സംഘത്തിന്റെ പദ്ധതി.

യുഎഇ, ഇറാഖ് സുരക്ഷാ ഏജൻസികൾ തമ്മിൽ കൈമാറിയ നിർണായക രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സമഗ്രമായ സുരക്ഷാ പദ്ധതിയിലൂടെ അതിർത്തിയിൽ വെച്ച് ലഹരിക്കടത്ത് തടയുകയും ഒരു വിഭാഗം പ്രതികളെ കൈയോടെ പിടികൂടുകയുമായിരുന്നു. തുടർന്ന് സുരക്ഷാ സേന നടത്തിയ ആസൂത്രണത്തിൽ സംഘത്തിലെ ബാക്കിയുള്ളവരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

രാജ്യത്തിന്റെ സുരക്ഷ തകർക്കാനോ സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകരാറിലാക്കാനോ ശ്രമിക്കുന്ന മയക്കുമരുന്ന് മാഫിയകൾക്ക് യുഎഇ മണ്ണിൽ ഇടമുണ്ടാകില്ലെന്നും അവർ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്നും നാഷണൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി. അതിർത്തി കടന്നുള്ള ലഹരിക്കടത്ത് കേസുകൾ തടയുന്നതിൽ പ്രാദേശിക പങ്കാളികളുമായുള്ള രഹസ്യാന്വേഷണ സഹകരണത്തിന്റെയും സുരക്ഷാ ഏജൻസികളുടെ മികവിന്റെയും തെളിവാണ് ഈ വിജയമെന്ന് അതോറിറ്റി വ്യക്തമാക്കി. സംശയാസ്പദമായ ഏത് പ്രവർത്തനവും അധികൃതരെ അറിയിക്കാനും ലഹരിമുക്ത സമൂഹത്തിനായി സുരക്ഷാ ഏജൻസികളുമായി സഹകരിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയിൽ 4.6 കോടിയിലേറെ റിയാൽ ചെലവിൽ വനഗവേഷണ കേന്ദ്രം വരുന്നു
ഇടക്കാല തെരഞ്ഞെടുപ്പിൽ കനത്ത തോൽവി, പിന്നാലെ വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്