
അബുദാബി: അരനൂറ്റാണ്ടു കൊണ്ട് ലോകത്തെ വിസ്‍മയിപ്പിച്ച അറേബ്യന്‍ ഐക്യനാടിന് ഇന്ന് അന്‍പത്തി ഒന്നാം പിറന്നാള്‍. യുഎഇയിലെ സ്വദേശികള്‍ക്കൊപ്പം ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും തങ്ങളെ സ്വപ്‍നം കാണാന്‍ കൊതിപ്പിച്ച നാടിന്റെ ആഘോഷത്തില്‍ പങ്കാളികളാണ്. രാഷ്‍ട്രത്തിന് അടിത്തറ പാകിയ നേതാക്കളെ അനുസ്‍മരിക്കുന്നതിനൊപ്പം ഒരു നൂറ്റാണ്ട് കൊണ്ട് കൈവരിക്കേണ്ട പുരോഗതിയുടെ പുതിയ പാതകള്‍ വെട്ടിത്തുറക്കുന്നതിനുള്ള അവസരം കൂടിയായാണ് രാജ്യം ദേശീയ ദിനത്തെ കാണുന്നത്.
1971 ഡിസംബര്‍ രണ്ടിന് ആദ്യം ആറ് എമിറേറ്റുകള്‍ ചേര്‍ന്ന് യുഎഇ രൂപീകൃതമായതിന്റെ സ്‍മരണയാണ് ദേശീയ ദിനം. അബുദാബി, ദുബൈ, ഷാര്‍ജ, അജ്‍മാന്‍ ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവയായിരുന്നു ആദ്യം ഒത്തുചേര്‍ന്നതെങ്കില്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം റാസല്‍ഖൈമയും ഒപ്പം ചേര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിന് രൂപം നല്‍കി. എമിറേറ്റുകളുടെ സ്വയം ഭരണം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് രാഷ്ട്രമെന്ന നിലയില്‍ അവ ഒരുമിച്ച് ചേര്‍ന്നത്. 50 വര്‍ഷങ്ങള്‍കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന വളര്‍ച്ച നേടിയ ഈ മണ്ണില്‍ ഇന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 192 രാജ്യങ്ങളിലെ പൗരന്മാര്‍ സ്വതന്ത്രരായും നിര്‍ഭയരായും ജീവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യുഎഇ ദേശീയ ദിനം ഇത്രയും രാജ്യങ്ങളിലെ ജനങ്ങളുടെയും ആഘോഷമായി മാറുകയാണ്.
കൊവിഡ് നിയന്ത്രണങ്ങള്‍ ഏതാണ്ട് പൂര്‍ണമായും പിന്‍വലിക്കപ്പെട്ട സാഹചര്യത്തില്‍ ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് പൊലിമ കൂടും. വിവിധ സ്ഥലങ്ങളില്‍ വെടിക്കെട്ടുകളും കലാപരിപാടികളും വ്യാപാര മേളകളുമൊക്കെയായി നിരവധി പരിപാടികളാണ് സജ്ജീകരിച്ചിട്ടുള്ളത്. ദുബൈയില്‍ ബ്ലൂ വാട്ടര്‍ ഐലന്റില്‍ രാത്രി എട്ട് മണി മുതലും ഗ്ലോബല്‍ വില്ലേജില്‍ രാത്രി ഒന്‍പത് മണി മുതലും കരിമരുന്ന് പ്രയോഗം വീക്ഷിക്കാം. ദ ബീച്ച് ജെബിആര്‍, അല്‍ സീഫ്, ദ പോയിന്റ് പാം ജുമൈറ, ഫെസ്റ്റിവല്‍ സിറ്റി മാള്‍ എന്നിവിടങ്ങളിലും അബുദാബിയില്‍ അല്‍ ശര്‍ഖ് മാള്‍, എമിറേറ്റ്സ് പാലസ്, അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്റര്‍, യാസ് ഐലന്റ്, അല്‍ മര്‍യാദ് ഐലന്റ് തുടങ്ങിയ സ്ഥലങ്ങളിലും ആഘോഷ പരിപാടികളുണ്ടാകും.
വിവിധ പ്രവാസി സംഘനകളുടെ നേതൃത്വത്തിലും വിപുലമായ ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ പൊതു - സ്വകാര്യ മേഖലകള്‍ക്ക് അവധിയായതിനാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറുകയാണ്. വിവിധ എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിങ് അനുവദിച്ചിട്ടുണ്ട്. അതേസമയം ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനങ്ങള്‍ അലങ്കരിക്കുമ്പോള്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തരുതെന്നും പൊതുനിരത്തുകളില്‍ അഭ്യാസ പ്രകടനങ്ങള്‍ അരുതെന്നും അനധികൃത റാലികള്‍ വേണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read also: യുഎഇയില്‍ 51 ജിബി സൗജന്യ ഇന്റര്‍നെറ്റ് ഓഫര്‍ പ്രഖ്യാപിച്ച് മൊബൈല്‍ കമ്പനികള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ