
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട അസാധാരണമായ ദുർഗന്ധത്തിന് കാരണം ഉമ്മുൽ ഖുവൈൻ തീരത്തുണ്ടായ എണ്ണച്ചോർച്ചയാണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലെ താമസക്കാരാണ് പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതായി പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എണ്ണക്കപ്പലിൽ നിന്ന് എണ്ണ ചോർന്ന് ഉമ്മുൽ ഖുവൈൻ തീരങ്ങളിലേക്ക് പടർന്നതായി കണ്ടെത്തിയത്.
സുരക്ഷാ വിലയിരുത്തലുകളും സമുദ്ര സംരക്ഷണ നടപടികളും പൂർത്തിയാകുന്നതുവരെ ഉമ്മുൽ ഖുവൈനിലെ എല്ലാ ബീച്ചുകളും തീരദേശ മേഖലകളും താൽക്കാലികമായി അടച്ചതായി മന്ത്രാലയം അറിയിച്ചു. അന്തരീക്ഷത്തിൽ പടർന്ന ദുർഗന്ധം കാരണം പൊതുജനാരോഗ്യത്തിന് യാതൊരുവിധ ഭീഷണിയുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. എണ്ണച്ചോർച്ച കണ്ടെത്തിയ ഉടൻ തന്നെ ഫെഡറൽ, പ്രാദേശിക അധികൃതരുമായി ചേർന്ന് എണ്ണ പടരുന്നത് തടയാനും , ശുചീകരണ പ്രവർത്തനങ്ങൾക്കും പാരിസ്ഥിതിക നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുമുള്ള നടപടികൾക്കും വിദഗ്ധ സംഘം തുടക്കം കുറിച്ചിട്ടുണ്ട്.
പാരിസ്ഥിതിക ആഘാതം വിലയിരുത്തുന്നതിനും സമുദ്ര ജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുമായി തീരപ്രദേശങ്ങളിൽ മുൻകരുതൽ സർവേകളും പരിശോധനകളും തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു. അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എണ്ണച്ചോർച്ച ബാധിച്ച മേഖലകളിൽ മത്സ്യബന്ധനം നടത്തരുതെന്നും നിർദ്ദേശമുണ്ട്. വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam