Wage protection in UAE : സമയത്ത് മുഴുവന്‍ ശമ്പളവും കൊടുക്കണം; സ്വകാര്യ കമ്പനികള്‍ക്ക് മുന്നറിയിപ്പ്

Published : Jan 11, 2022, 11:42 AM IST
Wage protection in UAE : സമയത്ത് മുഴുവന്‍ ശമ്പളവും കൊടുക്കണം; സ്വകാര്യ കമ്പനികള്‍ക്ക് മുന്നറിയിപ്പ്

Synopsis

'വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം' വഴി നിശ്ചിത തീയ്യതികളില്‍ തന്നെ മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് യുഎഇയിലെ കമ്പനികള്‍ക്ക് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

അബുദാബി: യുഎഇയില്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്തു തന്നെ മുഴുവന്‍ ശമ്പളവും (Wages) ബാങ്ക് അക്കൌണ്ടുകള്‍ വഴി നല്‍കണമെന്ന് സ്വകാര്യ കമ്പനികളെ ഓര്‍മിപ്പിച്ച് അധികൃതര്‍. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് (Ministry of Human Resources and Emiratisation) തിങ്കളാഴ്‍ച ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കിയത്. ശമ്പളം നല്‍കുന്നതില്‍ വീഴ്‍ച വരുത്തിയാല്‍ കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും (Fine) മുന്നറിയിപ്പില്‍ പറയുന്നു.

രാജ്യത്തെ 'വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം' വഴി നിശ്ചിത തീയ്യതികളില്‍ തന്നെ ശമ്പളം നല്‍കണം. ജോലിയില്‍ തൊഴിലാളികള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതക്ക് പകരമായി കൃത്യസമയത്ത് ശമ്പളം ലഭിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി പറഞ്ഞു. കൃത്യമായ ശമ്പളം കൃത്യമായ തീയ്യതികളില്‍ തന്നെ ലഭിക്കുന്നത് ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൃത്യസമയത്ത് ശമ്പളം കിട്ടുന്നെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് 2009 മുതലാണ് യുഎഇ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം കൊണ്ടുവന്നത്. മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ള കമ്പനികളെല്ലാം ഈ സംവിധാനത്തിലൂടെ തന്നെ ശമ്പളം നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിനായി യുഎഇയിലെ ബാങ്കില്‍ അക്കൌണ്ട് തുറക്കണം. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തിലൂടെ ആയിരിക്കണം തൊഴിലുടമയുടെ അക്കൌണ്ടില്‍ നിന്ന് തൊഴിലാളിയുടെ അക്കൌണ്ടിലേക്ക് ശമ്പളത്തുക ട്രാന്‍സ്‍ഫര്‍ ചെയ്യേണ്ടത്.

നിശ്ചിത തീയ്യതി കഴിഞ്ഞ് 10 ദിവസത്തിനകം ശമ്പളം നല്‍കിയില്ലെങ്കില്‍ കമ്പനിക്ക് പിഴ ചുമത്തും. ശമ്പളം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ഓരോ തൊഴിലാളിയുടെയും പേരില്‍ കമ്പനിക്ക് 5000 ദിര്‍ഹം വീതം പിഴ ചുമത്തും. നിരവധി തൊഴിലാളികള്‍ക്ക് ഇങ്ങനെ കമ്പനി കൃത്രിമം കാണിച്ചിട്ടുണ്ടെങ്കില്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴത്തുക ഉയരും. തൊഴിലാളിക്ക് നിശ്ചിത തീയ്യതിയില്‍ ശമ്പളം ലഭിച്ചില്ലെങ്കില്‍ കമ്പനിക്ക് 1000 ദിര്‍ഹമാണ് ശിക്ഷ.

തൊഴിലാളിയുടെ പേരില്‍ വ്യാജ സാലറി സ്ലിപ്പ് ഉണ്ടാക്കിയാല്‍ ഓരോ തൊഴിലാളിയുടെയും പേരില്‍ കമ്പനി 5000 ദിര്‍ഹം വീതം പിഴ അടയ്‍ക്കേണ്ടി വരും. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം വഴി ശമ്പളം സംബന്ധിച്ച ഇടപാടുകള്‍ നടത്താത്തവര്‍ക്ക് എല്ലാ ഇടപാടുകളും കൃത്യമാക്കുന്നത് വരെ പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കില്ല. ശമ്പളത്തില്‍ മാറ്റം വരുത്തിയാല്‍ അതും വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം വഴിയാണ് നടപ്പാക്കേണ്ടത്. എല്ലാ ജീവനക്കാര്‍ക്കും തങ്ങളുടെ അക്കൌണ്ട് സ്റ്റേറ്റ്‍മെന്റ് ഇ-മെയിലിലൂടെ ലഭിക്കുന്നതിനുള്ള സംവിധാനം ഉപയോഗപ്പെടുത്താമെന്നും അണ്ടര്‍ സെക്രട്ടറി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ
ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു, ഒമാനിൽ മലയാളി മരിച്ചു